ടെഹ്റാൻ: യെമനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ സമർപ്പിച്ച മധ്യസ്ഥത വാഗ്ദാനത്തിന്മേൽ സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് ഇറാൻ ഉപവിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ വ്യക്തമാക്കി. ലെബനൻ ആസ്ഥാനമായുള്ള ‘അൽ മയാദീൻ’ ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദി അറേബ്യ നടപ്പിലാക്കുന്ന ഉപരോധം കാരണം യെമനിലെ സാധാരണ ജനങ്ങൾ മരുന്നും ഭക്ഷണവും അവശ്യസാധനങ്ങളും ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യെമനിലെ ഉപരോധവും വെടിനിർത്തലില്ലാത്ത അവസ്ഥയും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും, സാധാരണ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കണമെന്നും ഖതിബ്സാദെ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നയതന്ത്ര ചർച്ചകളിൽ ഇറാൻ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



