ലഖ്നൗ: ഗ്രേറ്റർ നോയിഡയിൽ ദമ്പതികളെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവത്തെക്കുറിച്ച് റബുപുര പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് സംഘവും ശാസ്ത്രീയ പരിശോധനകൾക്കായി ഫൊറൻസിക് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി കുടുംബം നൂഡിൽസ് തയ്യാറാക്കി കഴിച്ചിരുന്നതായി മഹേഷിന്റെ മാതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂ.



