കേരള വഖഫ് ബോർഡ് പുനഃസംഘടന: സമസ്ത വിഭാഗങ്ങളെ ഒഴിവാക്കിയത് അനീതിയും അന്യായവുമെന്ന് റഹ്മത്തുള്ള സഖാഫി എളമരം

കോഴിക്കോട്: കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതിൽ ഇരു സമസ്ത വിഭാഗങ്ങൾക്കും പ്രാതിനിത്യം നൽകാത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി സമസ്ത എ.പി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം. കേരളത്തിലെ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്തിറക്കിയ കുറിപ്പിലാണ് സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചത്.

കേരളത്തിൽ ഇരു സമസ്തകളും ചേർന്ന് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണ് നടത്തിവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും ഈ സംഘടനകൾ തന്നെയാണ്. എന്നിട്ടും പുതുതായി രൂപീകരിച്ച വഖഫ് ബോർഡിൽ ഇരു സമസ്തകൾക്കും യാതൊരുവിധ പ്രതിനിധികളേയും ഉൾപ്പെടുത്തിയിട്ടില്ലെന്നും, സർക്കാരിന്റെ ഈ നിലപാട് തികച്ചും അനീതിയും അന്യായവുമാണെന്നും റഹ്മത്തുള്ള സഖാഫി എളമരം കുറിപ്പിൽ വ്യക്തമാക്കി. മതപഠന രംഗത്തും സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിർണായക സ്വാധീനമുള്ള പ്രസ്ഥാനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള വഖഫ് ബോർഡ് പുനഃസംഘടന വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

എന്നാൽ വഖഫ് ബോർഡ് പുനഃസംഘടനയിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് സമസ്ത ഇ.കെ വിഭാഗം സെക്രട്ടറിയും മുൻ വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം പ്രതികരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി മായിൻ ഹാജി നല്ലൊരു ലീഗുകാരനും സമസ്തക്കാരനുമാണെന്നും, അദ്ദേഹത്തെ വഖഫ് ബോർഡ് ചെയർമാനാക്കിയതിലൂടെ സമസ്തയ്ക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് ഭരണത്തിൽ വരുമ്പോൾ അണികളെ ചേർത്തുനിർത്താൻ അവരുടെ ആളുകളെ നിയമിക്കുന്നത് സ്വാഭാവികമാണെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു.

എം.സി മായിൻ ഹാജിയെ ചെയർമാനാക്കിയാണ് ഒൻപതംഗ വഖഫ് ബോർഡ് സർക്കാർ പുനഃസംഘടിപ്പിച്ചിട്ടുള്ളത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം.പി മുസ്തഫൽ ഫൈസി, ഡോ. അബ്ദുൽ മജീദ് സ്വലാഹി, സിറാസ് ഡി കപാസി, ജസീം സബാഹ്, സജിന ഫിറോസ്, മദീന ബീഗം എന്നിവരാണ് പുതിയ ബോർഡിലെ മറ്റ് അംഗങ്ങൾ.

Related Articles

- Advertisement -spot_img

Latest Articles