തിരുവനന്തപുരം: വിവാദമായ സി.എം.ആർ.എൽ-എക്സാലോജിക് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെത്തി. നോട്ടീസ് നൽകാനാണ് സംഘം എത്തിയതെങ്കിലും വീട്ടിൽ ആളില്ലാത്തതിനെ തുടർന്ന് നോട്ടീസ് വീടിന്റെ പുറത്ത് പതിച്ച ശേഷം ഇ.ഡി സംഘം മടങ്ങുകയായിരുന്നു. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് സമൻസിലെ നിർദേശം. എന്നാൽ സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കാനാണ് ആലോചന. കൂടാതെ നിയമസഭ നടക്കുന്ന കാര്യവും ഇവർ ചൂണ്ടിക്കാണിക്കാൻ സാധ്യതയുണ്ട്.
അതിനിടെ, കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ സമർപ്പിച്ച ഹരജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവധിക്കാല ബെഞ്ച് ഹരജി പരിഗണിക്കാനാവുമോയെന്ന് പരിശോധിക്കാമെന്നും, ഇല്ലെങ്കിൽ 26-ന് പരിഗണിക്കുമെന്നുമാണ് കോടതി അറിയിച്ചത്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയിൽ ബോധിപ്പിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായത്.
പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസും ടി. വീണയും സുപ്രീംകോടതിയിൽ ഹരജികൾ നൽകിയിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. എന്നാൽ സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഒറ്റവരിയിലാണ് തള്ളിയത്. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.



