കൊച്ചി: നെടുമ്പാശ്ശേരിയിൽ നടന്ന വാഹനാപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി വിധി പറഞ്ഞത്. കേസിൽ കുറ്റകരമായ നരഹത്യക്കുള്ള 105-ാം വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം പ്രധാനമായും വാദിച്ചത്. ദൃക്സാക്ഷികൾ പോലുമില്ലാത്ത കേസിൽ എഫ്.ഐ.ആർ ഇട്ടപ്പോൾ തന്നെ ഈ വകുപ്പ് ഉൾപ്പെടുത്തിയത് നിയമപരമല്ലെന്നും, മൂന്ന് പേർ ഒരു സ്കൂട്ടറിലും അവരുടെ സുഹൃത്ത് മറ്റൊരു സ്കൂട്ടറിലുമായി സഞ്ചരിച്ചത് ദുരൂഹമാണെന്നും, ഇത് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടാകാമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അപകടസമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നു എന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ രേഖകൾ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും, മുൻപ് ചെറിയൊരു പരാതി പോലും ഇല്ലാത്ത ഒന്നാം പ്രതിയെ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളായി മുദ്രകുത്തുകയാണെന്നും അവർ വാദിച്ചു.
കൂടാതെ, അപകടം നടന്നയുടൻ പ്രതികൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. എന്നാൽ, കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലിഗ്രാമും മൂത്രത്തിൽ 230 മില്ലിഗ്രാമും അളവിൽ ആൽക്കോഹോളസ് അംശം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു. കൂടാതെ, സി.സി.ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക ഡിജിറ്റൽ തെളിവുകൾ ഉടൻ ഹാജരാക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പൂർണ്ണമായി പരിഗണിച്ചാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.



