വഖഫ് ബോർഡ് പുനഃസംഘടനയിൽ കടുത്ത നീതിനിഷേധം: സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട്: പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതായി കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സർക്കാറിന്റെ ഈ നടപടി കടുത്ത വഞ്ചനയാണെന്നും ഇതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ ബഹുജന പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘടനയുടെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നേതാക്കൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 22-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

കേരളത്തിൽ നിലവിലുള്ള ആകെ വഖഫ് സ്വത്തുക്കളിൽ ഭൂരിഭാഗവും അതായത് 12,196-ഓളം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സുന്നി വിഭാഗമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എന്നിട്ടും പുനഃസംഘടിപ്പിച്ച ബോർഡിൽ തങ്ങൾക്ക് യാതൊരുവിധ പ്രാതിനിധ്യവും നൽകിയിട്ടില്ല. സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ ഭരണസമിതികൾ പുനഃസംഘടിപ്പിക്കുമ്പോൾ അർഹമായ പ്രാതിനിധ്യം നൽകുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉറപ്പുനൽകിയിരുന്നതാണെന്നും എന്നാൽ ഇപ്പോൾ അതിൽ നിന്ന് വിരുദ്ധമായാണ് പ്രവർത്തിച്ചിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എ. സൈഫുദ്ദീൻ ഹാജി, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റർ, മുഹമ്മദ് പറവൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles