കെയ്റോ: സഊദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്ന് ഈജിപ്ത് വ്യക്തമാക്കി. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ ഡിഫൻസ് കൗൺസിൽ യോഗമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സഊദിയുടെ വിഭവങ്ങൾ, രാജ്യത്തിന്റെ അഖണ്ഡത, ഇസ്ലാമിക പുണ്യസ്ഥലങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി തങ്ങൾ പൂർണ്ണമായും സഊദി അറേബ്യയോടൊപ്പം നിലകൊള്ളുമെന്ന് കൗൺസിൽ വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി നയതന്ത്രതലത്തിലുള്ള ഇടപെടലുകൾ കൂടുതൽ ശക്തമാക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. മിഡിൽ ഈസ്റ്റിൽ സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അറബ് രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം.



