കഥകളും കവിതകളും ആഘോഷമാക്കി നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമിൽ അരങ്ങേറി

ദമ്മാം: സാഹിത്യസ്നേഹികളുടെ വൻ പങ്കാളിത്തത്തോടെ നവയുഗം വായനവേദി പ്രതിമാസ പരിപാടിയായ ‘അക്ഷരസദസ്സിന്റെ’ നാലാമത് അധ്യായം ദമ്മാമിൽ സംഘടിപ്പിച്ചു. ദമ്മാം റോസ് ഓഡിറ്റോറിയത്തിൽ വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നവയുഗം കേന്ദ്രകമ്മിറ്റി അംഗം മനോജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ, പുസ്തകങ്ങളുടെ പ്രാധാന്യം, വായനയുടെ അനിവാര്യത എന്നിവയെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അടുത്തിടെ അന്തരിച്ച പ്രമുഖ കലാ, സാംസ്കാരിക, സാഹിത്യ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ട് വായനവേദി സെക്രട്ടറി ബിനുകുഞ്ഞ് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.

അഞ്ചു പ്രമുഖ പുസ്തകങ്ങളുടെ വായനാനുഭവങ്ങളാണ് അക്ഷരസദസ്സിൽ പങ്കുവെക്കപ്പെട്ടത്. എൻ. മോഹനന്റെ ‘ഒരിക്കൽ’ എന്ന പുസ്തകം പ്രിജി കൊല്ലവും, ശ്രീനിലയം രതീശന്റെ ‘കിശോര രാമായണം’ ലാലു ദിവാകരനും, പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ സൗമ്യ മനോജും, അഖിൽ പി. ധർമ്മജന്റെ ‘അർദ്ധരാത്രി 12 മണിക്ക് ശേഷം’ സജീഷ് പട്ടാഴിയും, ചാൾസ് ഡിക്കൻസിന്റെ ‘രണ്ട് നഗരങ്ങളുടെ കഥ’ ബെൻസി മോഹനും അവതരിപ്പിച്ചു. തുടർന്ന് കവി പ്രൊഫ. മധുസൂദനൻ നായരുടെ “ഇരുളിൻ മഹാനിദ്രയിൽ” എന്ന കവിത സംഗീതാ സന്തോഷും, “വാക്ക്” എന്ന കവിത ബൈജു ആയൂരും മനോഹരമായി ആലപിച്ചത് സദസ്സിന് വേറിട്ട അനുഭവമായി.

സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ വായന വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് ഹുസൈൻ നിലമേൽ സംസാരിച്ചു. നവയുഗത്തിന്റെ മുതിർന്ന അംഗം ഉണ്ണി പൂച്ചെടിയിൽ, നവയുഗം ജനറൽ സെക്രട്ടറി വാഹിദ് കാര്യറ, തമ്പാൻ നടരാജൻ, ഷാലിം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കൂടാതെ, ലാലു ദിവാകരൻ ശ്രീനിലയം രതീശന്റെ ‘കിശോര രാമായണം’ എന്ന പുസ്തകവും, ബെൻസി മോഹൻ അമിഷ് തൃപാഠിയുടെ ശിവ ട്രിലജിയിലെ ‘ദി ഓത്ത് ഓഫ് ദി വായുപുത്രാസ്’ (The Oath of the Vayuputras) എന്ന പുസ്തകവും നവയുഗം ലൈബ്രറിയിലേക്ക് കൈമാറി. വായനവേദി സെക്രട്ടറി ബിനു കുഞ്ഞും പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂരും പുസ്തകങ്ങൾ ഏറ്റുവാങ്ങി. അക്ഷരസദസ്സിന്റെ അഞ്ചാം പതിപ്പ് നവംബർ 19 വ്യാഴാഴ്ച നടത്തുവാൻ യോഗം തീരുമാനിച്ചു. കേന്ദ്രകമ്മിറ്റി അംഗം ബിജു വർക്കി ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles