പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പാകളിൽ എത്തിച്ച് ലൈംഗികമായി ചൂഷണം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്തോളം സ്പാകളിൽ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ സ്പാ ഉടമകൾ ഉൾപ്പെടെയുള്ളവർ പിടിയിൽ. കേസിൽ ആലപ്പുഴ സ്വദേശി സജിത്ത്, പൂവാർ സ്വദേശി നിശാന്ത് എന്നീ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതികൾ വിവിധ സ്പാകളിലെത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്.

സ്പാകളുടെ മറവിൽ വ്യാപകമായി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്. പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇടപാടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി പ്രതികൾ വ്യാജ ആധാർ കാർഡ് നിർമ്മിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഈ വ്യാജ കാർഡിൽ പെൺകുട്ടിയുടെ വയസ്സ് 20 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പൊലീസിന് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന സത്യം പുറത്തുവന്നത്.

വിഴിഞ്ഞം, കോവളം തുടങ്ങിയ പ്രദേശങ്ങളിലെ സ്പാകളിൽ പെൺകുട്ടി ജോലി ചെയ്തിരുന്നതായും, സ്പാ ഉടമകളും ജീവനക്കാരും ഉൾപ്പെടെയുള്ളവർ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തം വ്യക്തമായിട്ടുണ്ടെന്നും ഉടൻതന്നെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles