റിയാദ്: സംഘപരിവാർ ശക്തികൾ തങ്ങളുടെ അധികാരം നിലനിർത്തുന്നതിനുള്ള രാഷ്ട്രീയ ഉപകരണങ്ങളായാണ് എസ്.ഐ.ആറും (SIR) പൗരത്വ ഭേദഗതി നിയമവും ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നതെന്ന് ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുർത്വുബ വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകനും ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫീസിൽ സംഘടിപ്പിച്ച ‘ജന്തർ മന്തർ 02’ സമരസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ച യോഗം ഗ്രെയ്സ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത്, മുസാഫർ നഗർ കലാപങ്ങളുമെല്ലാം സംഘപരിവാർ ശക്തികൾക്ക് അധികാരം നേടാനുള്ള വഴികളായിരുന്നുവെന്ന് ഡോ. സുബൈർ ഹുദവി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്ത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജന്തർ മന്തറിലെ സമരങ്ങളുടെ മുൻനിരയിൽ പുതിയ തലമുറ നിലയുറപ്പിക്കുന്നത് ബി.ജെ.പി സർക്കാറിനെ അലോസരപ്പെടുത്തുന്നുണ്ട്. ഹിന്ദു സമൂഹത്തിൽ നിന്നുതന്നെ ഭരണകൂടത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയരുന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ വൈവിധ്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് അജണ്ട ഇവിടെ നടപ്പിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണകരമായ വാർത്തകൾ ഇരുട്ടിലാക്കപ്പെടുകയും നിസ്സാര സംഭവങ്ങൾ കേരളത്തിൽ വലിയ ചർച്ചയാവുകയും ചെയ്യുന്നത് ഖേദകരമാണ്. വലിയ പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസ-സാമൂഹിക പരിഷ്കരണങ്ങളിൽ വലിയ മുന്നേറ്റം നടത്തുന്ന മുസ്ലിം സമൂഹമാണ് ഇന്ത്യയിലുള്ളത്. സാമ്പത്തിക സഹായങ്ങൾക്കപ്പുറം ഉത്തരേന്ത്യൻ മുസ്ലിംകൾക്ക് വിദ്യാഭ്യാസപരമായ പരിവർത്തനം സാധ്യമാക്കുന്ന പദ്ധതികളാണ് ആവശ്യമെന്നും, കിഷൻഗഞ്ചിൽ കഴിഞ്ഞ ഒൻപത് വർഷമായി നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
സമരസംഗമത്തിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, എസ്.കെ.ഐ.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു.പി. മുസ്തഫ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ ജലീൽ തിരൂർ, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ എന്നിവർ സംസാരിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും രേഖപ്പെടുത്തി.



