ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഗുരുതരമായ പിഴവുകൾ പറ്റി; വീഴ്ചകൾ സമ്മതിച്ച് ജെ.ഡി. വാൻസ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അമേരിക്കൻ ഭരണകൂടത്തിന് നിരവധി തെറ്റുകളും അടിസ്ഥാനപരമായ പരാജയങ്ങളും സംഭവിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. സി.ബി.എസ് ടൗൺ ഹാളിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് വർദ്ധിച്ചുവരുന്ന മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ കുവൈത്തിലെ ഒരു യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് ആർമി റിസർവ് സൈനികരിൽ ഒരാളായ മാസ്റ്റർ സാർജന്റ് നികോൾ ആമറിന്റെ ഭർത്താവ് ജോയ് ആമർ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക കേന്ദ്രത്തിൽ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ലെന്നും, തന്റെ ഭാര്യയുടെ മരണത്തിന് കാരണമായത് ഭരണകൂടത്തിന്റെ ഗുരുതരമായ വീഴ്ചകളാണെന്നും ജോയ് ആമർ ചൂണ്ടിക്കാണിച്ചിരുന്നു. “എന്റെ ഭാര്യ കൊല്ലപ്പെട്ടത് ഇറാന്റെ ഡ്രോൺ ആക്രമണത്തിലാണെങ്കിൽ പോലും, അത്തരമൊരു ദുരന്തത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നിരവധി തെറ്റുകളും അടിസ്ഥാന പരാജയങ്ങളുമാണ്,” ആമർ തുറന്നടിച്ചു. ഇതിന് മറുപടിയായാണ് ഭരണകൂടത്തിന് വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് ജെ.ഡി. വാൻസ് പരസ്യമായി സമ്മതിച്ചത്. പല നിർണ്ണായക വിവരങ്ങളും കൃത്യസമയത്ത് തങ്ങളിലേക്ക് എത്തിയിരുന്നില്ലെന്നും ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തെ വിന്യസിച്ച രീതിയലും സൈനിക തന്ത്രങ്ങളിലെ സമീപനത്തിലും വലിയ പോരായ്മകൾ ഉണ്ടായിരുന്നതായി വൈസ് പ്രസിഡന്റ് സമ്മതിച്ചു.

സൈനികരെ വിന്യസിച്ചതുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ ഇനിയും ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഞങ്ങൾ തിരിച്ചറിയുന്നുവെന്ന് വാൻസ് പറഞ്ഞു. വിലകുറഞ്ഞ ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ, സൈനികരുടെ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ ആൾനാശം ഒഴിവാക്കാനും അമേരിക്കൻ സൈന്യം തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നതുപോലെ പെട്ടെന്ന് ഒരു നിർണായക വിജയം കൈവരിക്കാൻ അമേരിക്കയ്ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ചില നിലകളിൽ രാജ്യം വിജയം നേടിയിട്ടുണ്ടെന്നായിരുന്നു വാൺസിന്റെ മറുപടി. എങ്കിലും, ഈ യുദ്ധത്തിന്റെ അന്തിമഫലം ഇറാന്റെ അടുത്തടുത്ത നടപടികളെക്കൂടി ആശ്രയിച്ചായിരിക്കും ഇരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ ഒരു കാരണവശാലും പുനർനിർമിക്കില്ലെന്ന കാര്യത്തിൽ അന്തിമവും ശക്തവുമായ ഉറപ്പ് വരുത്താനാണ് യു.എസ് നിലവിൽ ലക്ഷ്യമിടുന്നതെന്നും വാൻസ് കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles