ന്യൂഡൽഹി: ഡൽഹി കൃഷിഭവൻ കോംപ്ലക്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള ഖദീമി മസ്ജിദ് പൊളിച്ചുനീക്കുമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ ഭൂമിയിൽ സ്ഥിരമായ രീതിയിൽ മതപരമായ ആരാധനാലയങ്ങൾ നിലനിർത്തുന്നത് സർക്കാരിന്റെ മതേതര സ്വഭാവത്തിന് അനുയോജ്യമല്ലെന്നും, അതിനാൽ പള്ളി ഇവിടെ നിലനിർത്താനാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായാണ് പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശം ഏറ്റെടുക്കുന്നത്.
സെൻട്രൽ വിസ്ത മാസ്റ്റർ പ്ലാനിന്റെ ഭാഗമായി കൃഷിഭവനും ശാസ്ത്രി ഭവനും ഉൾപ്പെടുന്ന സ്ഥലത്ത് പുതിയ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പള്ളി പൊളിക്കുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥരായ സർക്കാരിന് പ്രസ്തുത സ്ഥലത്ത് ഏതെങ്കിലും പ്രത്യേക സമൂഹത്തിനായി ആരാധനാലയം അനുവദിക്കാൻ നിയമപരമായ ബാധ്യതയില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. പള്ളിയുടെ പരിപാലന സമിതിക്ക് മുൻപ് നൽകിയിരുന്നത് താൽക്കാലിക അനുമതി മാത്രമാണെന്നും ഇതിന്മേൽ അവർക്ക് യാതൊരുവിധ അവകാശമോ ഉടമസ്ഥതയോ ഇല്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
എന്നാൽ ചരിത്രപ്രസിദ്ധമായ പള്ളി സംരക്ഷിക്കണമെന്നും അല്ലെങ്കിൽ സമീപത്ത് പകരം ആരാധനാ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പള്ളി മാനേജിംഗ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഈ നീക്കമെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ പൊതുഭൂമിയിൽ സ്ഥിരമായി മതപരമായ ആവശ്യങ്ങൾക്കായി സ്ഥലം മാറ്റിവെക്കാനാകില്ലെന്നും, പ്രദേശത്ത് മറ്റ് ആരാധനാലയങ്ങൾ സൗകര്യപ്രദമായ ദൂരത്തിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് നവംബർ 23-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.



