ന്യൂഡൽഹി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ അടിയന്തരമായി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. അഡ്വക്കറ്റ് കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേനയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്.
ക്യാമ്പസ് സമരത്തെ തുടർന്ന് സർവകലാശാല സസ്പെൻഡ് ചെയ്ത 16 വിദ്യാർത്ഥികളാണ് അർധരാത്രിയോടെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ആവശ്യത്തിന് ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് പരീക്ഷാ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ സസ്‌പെൻഷനിലായതുകൊണ്ടാണ് തങ്ങൾക്ക് ഹാജരില്ലാത്ത സാഹചര്യം ഉണ്ടായതെന്നും, ഇത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് ഹർജിയിലെ പ്രധാന വാദം. ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്ത് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.



