വാഷിംഗ്ടൺ: യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ഈജിപ്ഷ്യൻ വംശജനായ ഡോക്ടർ അബ്ദുൽ അൽ സഈദിന് ചരിത്ര വിജയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും ട്രംപിന്റെ അടുത്ത അനുയായിയുമായ മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അൽ സഈദ് മിഷിഗണിൽ നിന്ന് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം ജനപ്രതിനിധിയായത്.
അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (AIPAC) ഉൾപ്പെടെയുള്ള പ്രോ-ഇസ്രായേൽ ഗ്രൂപ്പുകളുടെ കടുത്ത എതിർപ്പിനെയും പണക്കൊഴുപ്പിനെയും അതിജീവിച്ചാണ് സഈദിന്റെ ഈ മിന്നും വിജയം. പ്രചാരണ വേളയിൽ ട്രംപും റിപ്പബ്ലിക്കൻ ക്യാമ്പും സഈദിനെതിരെ രൂക്ഷമായ വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. സഈദ് അമേരിക്കയിൽ ശരീഅത്ത് നിയമം നടപ്പിലാക്കാൻ ശ്രമിക്കുമെന്നും, തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ‘ജിഹാദി’യാണെന്നും വരെ ട്രംപ് ആരോപിച്ചു. 9/11 ഭീകരാക്രമണം പരാമർശിച്ച് വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിച്ച ട്രംപ്, സഈദ് ജയിച്ചാൽ ക്യാപിറ്റോളിൽ പ്രവേശിക്കാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തണമെന്ന് പോലും പ്രസംഗിച്ചിരുന്നു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നടിച്ച പ്രമുഖ നേതാവ് കൂടിയാണ് അൽ സഈദ്. ശക്തമായ രാഷ്ട്രീയ നിലപാടുകൾ കാരണം ‘രണ്ടാം മംദാനി’ എന്നും അദ്ദേഹം അറിയപ്പെടുന്നു. യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം ആഞ്ഞടിച്ചതോടെ സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റിക് പാർട്ടി കേവലഭൂരിപക്ഷം നേടി ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. സെനറ്റിൽ 53 സീറ്റുകൾ നേടിക്കൊണ്ടാണ് ഡെമോക്രാറ്റുകൾ തങ്ങളുടെ ഭൂരിപക്ഷം തെളിയിച്ചത്.



