റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗവും മുൻ ചെയർമാനുമായ എ. അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെ.എം.സി.സി യാത്രയയപ്പ് നൽകി. ബത്ഹ കെ.എം.സി.സി ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും കമ്മിറ്റിയുടെ ഉപഹാരം അബ്ദുസ്സലാം തൃക്കരിപ്പൂരിന് കൈമാറുകയും ചെയ്തു.
റിയാദിൽ കെ.എം.സി.സിയുടെ സംഘാടന പാടവത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും എക്കാലത്തും മുന്നിൽ നിന്ന നേതാവായിരുന്നു അബ്ദുസ്സലാം തൃക്കരിപ്പൂരെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എം.എസ്.എഫ് യൂണിറ്റ് ഭാരവാഹിയായിരുന്നു. ചെറുപ്രായത്തിൽ തന്നെ തൃക്കരിപ്പൂരിൽ മുസ്ലിം യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസ ലോകത്തും തൃക്കരിപ്പൂർ സി.എച്ച് സെന്ററിന്റെ ഗൾഫ് കോ-ഓർഡിനേറ്ററായി ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന അദ്ദേഹം റിയാദിൽ കെ.എം.സി.സിയുടെ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാന ഘടകങ്ങളുടെ വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്.
യാത്രയയപ്പ് ചടങ്ങിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഐബ് പനങ്ങാങ്ങര, കെ.കെ. കോയാമു ഹാജി, മൊയ്തീൻ കുട്ടി തെന്നല, സത്താർ താമരത്ത്, യു.പി. മുസ്തഫ, മുഹമ്മദ് വേങ്ങര, ഷംസു പെരുമ്പട്ട, മജീദ് പയ്യന്നൂർ, റഫീഖ് മഞ്ചേരി, ജലീൽ തിരൂർ, ഷമീർ പറമ്പത്ത് എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി ആപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജാഫർ തങ്ങൾ കൊടുവള്ളിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മാങ്കാവ് സ്വാഗതവും സിറാജ് മേടപ്പിൽ നന്ദിയും പറഞ്ഞു.



