ജിസാൻ: സ്പോൺസറുടെ വഞ്ചനയെ തുടർന്ന് 70,000 റിയാലിലധികം സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും നേരിടേണ്ടിവന്ന മലയാളി പ്രവാസിക്ക് ജിസാനിലെ സാമൂഹിക പ്രവർത്തകരുടെ കക്ഷിരഹിത ഇടപെടലിൽ ആശ്വാസം. ജിസാനിൽ ജോലി ചെയ്യുന്ന മുനവ്വറ ഫയിരൂസിനാണ് സാമൂഹിക പ്രവർത്തകർ നടത്തിയ നിരന്തര നിയമ-നയതന്ത്ര ഇടപെടലുകളിലൂടെയും ജിസാനിലെ സുമനസ്സുകളുടെ സാമ്പത്തിക സഹായത്തോടെയും നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്.
ഇദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ സ്പോൺസർ ‘ഖിവ’ (Qiwa) പോർട്ടലിലെ തൊഴിൽ വിവരങ്ങളിൽ മാറ്റം വരുത്തി, ‘അടുക്കള ജോലിക്കാരൻ’ എന്ന തസ്തിക ‘മാനേജർ’ എന്ന് തിരുത്തുകയായിരുന്നു. തുടർന്ന്, മൊബൈലിലേക്ക് വന്ന ഒ.ടി.പി (OTP) ഉപയോഗിച്ച് രണ്ട് ഫിനാൻസ് കമ്പനികളിൽ നിന്നായി 70,000 റിയാലിലധികം വായ്പയെടുത്ത് സ്പോൺസർ തട്ടിപ്പ് നടത്തുകയായിരുന്നു. തെളിവുകളുടെ അഭാവത്താൽ കോടതിയിൽ തിരിച്ചടി നേരിടുകയും യാത്രാവിലക്ക് വരികയും ചെയ്തതോടെയാണ് ജിസാനിലെ സാമൂഹിക പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടത്. ഫിനാൻസ് കമ്പനികളുമായി നടത്തിയ നിരന്തര ചർച്ചകളെ തുടർന്ന് ബാധ്യത തുകയിൽ വലിയ ഇളവ് നേടാനും, സുമനസ്സുകളുടെ സഹായത്തോടെ ഒത്തുതീർപ്പ് തുക അടച്ചുതീർക്കാനും സാധിച്ചു.
സിറാജ് കുറ്റ്യാടി, ഷംസു പൂക്കോട്ടൂർ, ഫൈസൽ മേലാറ്റൂർ, റിയാസ് മട്ടന്നൂർ എന്നിവർ രക്ഷധികാരികളായും സജീർ (ദുബൈ സെന്റർ ചെയർമാൻ), സിയാദ് കണ്ണൂർ (കൺവീനർ), ഷറഫുദ്ദീൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ രുപം നൽകിയ കമ്മിറ്റിയായിരുന്നു ജിസാനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. റിയാദിലെ സാമൂഹിക പ്രവർത്തകനും ഐ.സി.എഫ് ജനറൽ സെക്രട്ടറിയുമായ ഇബ്രാഹീം കരീമായിരുന്നു ഫിനാൻസ് കമ്പനിയുമായുള്ള ചർച്ചകൾക്കും ഒത്തുതീർപ്പിനും മുൻ കൈ എടുത്തത്. റസാഖ് വയൽക്കര, നജീബ് പാണക്കാട് എന്നിവരും തുടർനടപടികൾ കൃത്യമായി ഏകോപിപ്പിച്ചു.
പ്രവാസികൾക്ക് ജാഗ്രതാ നിർദേശം:
സ്വന്തം സ്പോൺസറായാൽ പോലും ഫോണിലേക്ക് വരുന്ന ഒ.ടി.പി (OTP) കൈമാറുന്നത് അതീവ അപകടകരമാണെന്ന് പ്രവാസികളെ സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിച്ചു. ബാങ്കിംഗ്, ‘അബ്ശിർ’, ‘ഖിവ’ തുടങ്ങിയ പോർട്ടലുകളിലെ വ്യക്തിഗത വിവരങ്ങളും തൊഴിൽ കരാറുകളും ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡിജിറ്റൽ സുരക്ഷയിൽ അശ്രദ്ധ കാണിക്കരുതെന്നും സാമുഹിക പ്രവർത്തകർ ഓർമ്മപ്പെടുത്തി



