കുവൈത്ത് സിറ്റി: കുവൈത്തിൽ ചൊവ്വാഴ്ച രാത്രി മലയാളി നഴ്സുമാർ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്. പരിക്കേറ്റ നഴ്സുമാരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നൈസിൽ എന്ന മലയാളി നഴ്സിന്റെ കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈഭാഗം അറ്റുപോവുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെങ്കിലും നിലവിൽ അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ല.
ചൊവ്വാഴ്ച രാത്രി 9:30-ഓടെ അബ്ബാസിയ ഫയർ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു അപകടം. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റ് ജോലിക്കായി നഴ്സുമാരുമായി പോയ മലയാളി ഉടമസ്ഥതയിലുള്ള സ്വകാര്യ ട്രാൻസ്പോർട്ടേഷൻ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളായ വനിതാ നഴ്സുമാരാണ്. അപകടത്തിന് തൊട്ടുപിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുവൈത്ത് പോലീസ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.



