ന്യൂഡൽഹി: കേരള പി.എസ്.സിയിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർ സമർപ്പിച്ച ശുപാർശ രാഷ്ട്രപതി സുപ്രീം കോടതിക്ക് റഫർ ചെയ്യണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ഇപ്പോഴത്തെ ഗവർണർ ഒ.പി. മാഥൂറും പി.എസ്.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാക്കളുടെ നീക്കം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, രാജ്യസഭാംഗങ്ങളായ സി. സദാനന്ദൻ മാസ്റ്റർ, പി.ടി. ഉഷ എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതിയെ നേരിൽ കണ്ടത്. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാം, പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, മുൻ ഡി.ജി.പി ജേക്കബ് തോമസ്, ഡോ. പ്രമീളാ ദേവി, വി. മനു പ്രസാദ് എന്നിവരടങ്ങുന്ന മറ്റൊരു പ്രതിനിധി സംഘവും രാഷ്ട്രപതിയുടെ അനുമതി തേടിയിട്ടുണ്ട്. ഗവർണറുടെ ശുപാർശ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കിൽ വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് വഴിതെളിയും.



