കോപ്പൻഹേഗൻ: പതിറ്റാണ്ടുകളായി തുടർന്നുവരുന്ന വിദ്യാർത്ഥി അലവൻസുകൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഡെന്മാർക്കിൽ വൻ പ്രക്ഷോഭം. യൂറോപ്പിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി-യുവജന പ്രതിഷേധങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കോപ്പൻഹേഗനിൽ തെരുവിലിറങ്ങിയത്. പ്രതിരോധ ചെലവുകൾക്കായി ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക വെട്ടിക്കുറയ്ക്കലുകൾക്കെതിരെയായിരുന്നു ഈ പ്രതിഷേധം.
കോപ്പൻഹേഗനിലെ സിറ്റി ഹാൾ സ്ക്വയറിൽ നിന്ന് പാർലമെന്റിലേക്ക് ‘ഇനഫ് ഈസ് ഇനഫ്’ (മതിയായത് തന്നെ) എന്ന ബാനറുകളേന്തി മാർച്ച് നടത്തിയ പ്രക്ഷോഭത്തിൽ പതിമൂന്നായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സർക്കാർ നിർദേശത്തിനെതിരെ ഡെന്മാർക്കിലെ 57 ഓളം സ്കൂളുകളിലായി ഏകദേശം 40,000 വിദ്യാർത്ഥികൾ പണിമുടക്കിയതായി വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി. ഫ്രാൻസിൽ തുടങ്ങി മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ച പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഡെന്മാർക്കിലെ ഈ മുന്നേറ്റം. വർധിച്ചുവരുന്ന ജീവിതച്ചെലവും ഭവന പ്രതിസന്ധിയും കാരണം ബുദ്ധിമുട്ടുന്ന യുവാക്കൾക്കിടയിൽ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത അമർഷമാണ് നിലനിൽക്കുന്നത്.
മാതാപിതാക്കളുടെ വരുമാനം പരിഗണിക്കാതെ 1970 മുതൽ ഡെന്മാർക്കിലെ 18 വയസിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും സ്വാഭാവികമായി ലഭിച്ചുകൊണ്ടിരുന്ന അലവൻസുകളാണ് പുതിയ തീരുമാനപ്രകാരം നിയന്ത്രിക്കുന്നത്. ഉയർന്ന വരുമാനമുള്ള മാതാപിതാക്കളുടെ മക്കൾക്ക് അലവൻസ് പൂർണ്ണമായും നിർത്തലാക്കാനും മറ്റ് ചില വിഭാഗങ്ങൾക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുക വെട്ടിച്ചുരുക്കാനുമാണ് സർക്കാർ തീരുമാനം. കോർപ്പറേറ്റ് നികുതിയിളവുകൾക്കും യുദ്ധച്ചെലവുകൾക്കും പണം കണ്ടെത്തുമ്പോൾ വിദ്യാർത്ഥികളുടെ ക്ഷേമപദ്ധതികളാണ് സർക്കാർ വെട്ടിക്കുറയ്ക്കുന്നതെന്ന് പ്രക്ഷോഭകർ കുറ്റപ്പെടുത്തി. തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കോപ്പൻഹേഗനിൽ കനത്ത പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്.



