ഹജ്ജ് 2027: വിമാനത്താവള ശേഷി 6.5 കോടിയാക്കും; സൗദിയിൽ മുന്നൊരുക്കങ്ങൾക്ക് തുടക്കം

ജിദ്ദ: 2027 ലെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള പ്രാഥമിക ഒരുക്കങ്ങളും നിലവിലെ ഉംറ സീസണിന്റെ പ്രവർത്തനങ്ങളും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ സ്ഥിരം സമിതി യോഗം വിലയിരുത്തി. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിന്റെ അധ്യക്ഷതയിൽ ജിദ്ദയിലാണ് യോഗം ചേർന്നത്. മക്ക ഗവർണറും ഹജ്ജ്-ഉംറ സ്ഥിരം സമിതി അധ്യക്ഷനുമായ അമീർ ഖാലിദ് അൽ ഫൈസലിന്റെ നിർദേശപ്രകാരമാണ് യോഗം സംഘടിപ്പിച്ചത്.

വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെത്തുന്ന ഉംറ തീർത്ഥാടകരണം സുഗമമാക്കുന്നതിനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു. തീർത്ഥാടകർക്ക് യാതൊരുവിധ പ്രയാസങ്ങളുമില്ലാതെ ആരാധനാ കർമ്മങ്ങൾ നിർവഹിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനസജ്ജതയും യോഗം പ്രത്യേകമായി പരിശോധിച്ചു. പ്രതിവർഷം 6.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ശേഷി ഘട്ടംഘട്ടമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

തീർത്ഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ള ചെക്ക്-ഇൻ സംവിധാനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ, പ്രത്യേക സ്വീകരണ ഹാളുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും സമിതി വിലയിരുത്തി. തീർത്ഥാടകർക്ക് ലോകനിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതികളാണ് വരും ദിവസങ്ങളിൽ നടപ്പിലാക്കുക.

Related Articles

- Advertisement -spot_img

Latest Articles