ന്യൂഡൽഹി: ഫലസ്തീൻ ജനതയുടെ ശാശ്വതമായ പരമാധികാരം സംബന്ധിച്ച ഐക്യരാഷ്ട്ര പൊതുസഭയുടെ (യു.എൻ.ജി.എ) സുപ്രധാന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഫലസ്തീൻ ജനതയുടെയും സിറിയൻ ഗോലാനിലെ അറബ് ജനതയുടെയും പ്രകൃതിവിഭവങ്ങളുടെ മേലുള്ള അവകാശങ്ങൾ വീണ്ടും ഉറപ്പാക്കണമെന്നും, ഈ വിഭവങ്ങളുടെമേൽ ഇസ്രായേൽ നടത്തുന്ന ചൂഷണങ്ങളും നാശനഷ്ടങ്ങളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നതാണ് ഈ പ്രമേയം.
ഉറുഗ്വേ അവതരിപ്പിച്ച ഈ പ്രമേയത്തിന് മേൽ 193 അംഗങ്ങളുള്ള യു.എൻ പൊതുസഭ വൻ ഭൂരിപക്ഷത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യയടക്കമുള്ള 150 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ, ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. കിഴക്കൻ ജറുസലേമും പരിസരങ്ങളും ഉൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നിർമ്മിക്കുന്ന മതിലുകളും കുടിയേറ്റ കേന്ദ്രങ്ങളും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രമേയം ഊന്നിപ്പറയുന്നു.
കൂടാതെ, ഫലസ്തീൻ പ്രദേശങ്ങളിലേക്കും സിറിയൻ ഗോലാനിലേക്കും മാലിന്യങ്ങൾ തള്ളുന്നത് ഉൾപ്പെടെയുള്ള പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇസ്രായേലിന്റെ നടപടികൾ കർശനമായി അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. ജലവിതരണ പൈപ്പുകൾ, മലിനജല-വൈദ്യുതി ശൃംഖലകൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതും ഫലസ്തീനികളുടെ വീടുകളും കൃഷിഭൂമികളും കിണറുകളും തകർക്കുന്നതും ഇസ്രായേൽ നിർത്തലാക്കണമെന്നും, ഗാസ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുനർനിർമ്മാണ-വികസന പദ്ധതികൾ അടിയന്തരമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും പ്രമേയം വ്യക്തമാക്കുന്നു.



