തിരുവനന്തപുരം: എൽ.പി.എസ്.ടി സമരസമിതി നേതാവ് എസ്. വളർമതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിരാഹാര സമരം 20ാം ദിവസത്തിലേക്ക് കടന്നതിനെ തുടർന്ന് ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് ഗണ്യമായി കുറഞ്ഞതായാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വളർമതി നിരാഹാര സമരം തുടരുകയാണ്. നിരാഹാരം അവസാനിപ്പിക്കാതെ ചികിത്സ ഫലപ്രദമാകില്ലെന്ന് ജനറൽ ആശുപത്രി ആർ.എം.ഒ വ്യക്തമാക്കി.
സർക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം 132 ദിവസങ്ങൾ പിന്നിട്ടു. എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരായ ജയകൃഷ്ണന്റെയും സിജെയുടെയും നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സർക്കാരുള്ളത്.
സമരപ്പന്തൽ പൊളിച്ചുനീക്കിയതിന് പിന്നാലെ ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം.



