ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച കവിതാസമാഹാരം ‘മഴയിൽ വിരിഞ്ഞ കടലാസുപൂക്കൾ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം പ്രശസ്ത മലയാള സാഹിത്യകാരൻ പോൾ സക്കറിയ നിർവഹിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം കവർ പ്രകാശനം നടത്തിയത്.
സൗദി മലയാളി സമാജം ജനറൽ സെക്രട്ടറിയും ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡന്റും ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപികയും പ്രഭാഷകയുമായ ഡോ. സിന്ധു ബിനു വിവിധ കാലയളവുകളിലായി രചിച്ച് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച കവിതകൾക്കൊപ്പം പുതിയ രചനകളും ഉൾപ്പെടെ അൻപതോളം കവിതകളടങ്ങിയ സമാഹാരമാണിത്. ജീവിതവും പ്രണയവും വിരഹവും സ്ത്രീപക്ഷ ചിന്തകളും സാമൂഹിക പ്രതിബദ്ധതയും മാനവികതയും അടയാളപ്പെടുത്തുന്ന കവിതകൾ സമാഹാരത്തിന്റെ ഉള്ളടക്കത്തിന് വൈവിധ്യവും ആഴവും പകരുന്നു.
കവിതകളുടെ ആത്മാവും എഴുത്തിന്റെ സവിശേഷതയും അവതാരികയിൽ എഴുത്തുകാരൻ പി.കെ. പാറക്കടവ് അടയാളപ്പെടുത്തുന്നുണ്ട്. ഡോ. സിന്ധു ബിനുവിന്റെ കവിതകൾ വായിക്കുമ്പോൾ കവിത ഗംഭീരമായൊരു ഇടിമിന്നലാണെന്നും സ്നേഹമാണെന്നും മനുഷ്യന്റെ മോക്ഷമാണെന്നും പെറുവിയൻ കവി ജാവിയർ ഹെറോദ് പറഞ്ഞ വാക്കുകൾ ഓർമയിലെത്തുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു.
തന്നോടുതന്നെ സംവദിക്കുന്ന ആത്മഭാഷണങ്ങളായി തുടങ്ങുന്ന പല കവിതകളും അതേസമയം സമൂഹത്തോടും സംസാരിക്കുന്നു. അതുകൊണ്ടുതന്നെ അവ വായനക്കാരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അനുഭവങ്ങളായി മാറുന്നു. വായിച്ചുതീർന്നാലും മനസ്സിൽ തങ്ങിനിൽക്കുന്ന വരികളാണ് ഈ സമാഹാരത്തിന്റെ സവിശേഷതയെന്നും അവതാരികയിൽ അദ്ദേഹം നിരീക്ഷിക്കുന്നു.
കടംകൊണ്ട ദർശനങ്ങളുടെ തൂവലുകളിൽ മിനുങ്ങിനടക്കുന്ന എഴുത്തല്ല ഡോ. സിന്ധുവിന്റേതെന്നും, മഴയിൽ വിരിഞ്ഞ ഈ കടലാസുപൂക്കൾക്ക് സ്വന്തം വേരുകളുണ്ടെന്നും പി.കെ. പാറക്കടവ് സാക്ഷ്യപ്പെടുത്തുന്നു. അകംനൊന്തും ഉള്ളുരുകിയും ഹൃദയംകൊണ്ടെഴുതിയ നേരും വേരുമുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളതെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.
കോഴിക്കോട് ഡെസ്റ്റിനി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കവർ പ്രകാശനത്തിന്റെ ഭാഗമായി നൂറുകണക്കിന് വായനക്കാരും സാഹിത്യസ്നേഹികളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ കവർ പങ്കുവെച്ച് പ്രകാശന കർമ്മത്തിൽ പങ്കാളികളായി. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ജനപങ്കാളിത്തം ഉറപ്പാക്കാനായ കവർ പ്രകാശനത്തിന് സൗദി മലയാളി സമാജം ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി



