ചീഫ് ജസ്റ്റിസിനെതിരെ അപകീർമ്മക പരാമർശം; സുപ്രീം കോടതിയിൽ അഭിഭാഷകനെ പുറത്താക്കി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്തിനെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തുകയും ബഹളം വെക്കുകയും ചെയ്ത അഭിഭാഷകനെ സുപ്രീം കോടതിയിൽ നിന്ന് പുറത്താക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടികൾക്കിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയത്തിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ അഭിഭാഷകൻ, തന്റെ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് കോടതിയിൽ വാക്കേറ്റത്തിന് മുതിരുകയായിരുന്നു.

താൻ നൽകിയ നിവേദനത്തിന്മേൽ 15 ദിവസമായിട്ടും മറുപടി ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ നിർബന്ധിതനാവുകയായിരുന്നു എന്ന് അഭിഭാഷകൻ ബെഞ്ചിന് മുന്നിൽ വാദിച്ചു. എന്നാൽ ഉചിതമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഈ രീതിയിൽ വിഷയം ഉന്നയിക്കാനാകില്ലെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി. മോഹന വ്യക്തമാക്കി. വിഷയത്തിൽ പിന്നീട് പരിശോധിക്കാമെന്നും കാത്തിരിക്കാനും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചെങ്കിലും അഭിഭാഷകൻ ഇത് ഉൾകൊള്ളാൻ തയ്യാറായില്ല.

തുടർന്ന് ബെഞ്ചിനും ചീഫ് ജസ്റ്റിസിനുമെതിരെ അഭിഭാഷകൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. “നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല, അതിനുള്ള സമഗ്രത നിങ്ങൾക്കില്ല” എന്ന് അഭിഭാഷകൻ കോടതിയിൽ വിളിച്ചുപറഞ്ഞു. സംഭവത്തെത്തുടർന്ന് കോടതി നടപടികളുടെ ഓൺലൈൻ സംപ്രേഷണവും ദൃശ്യ-ശ്രാവ്യ ഫീഡുകളും താൽക്കാലികമായി മരവിപ്പിച്ചു. കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരുടെ സഹായത്തോടെ ഈ മാന്യതയില്ലാത്ത പെരുമാറിയ അഭിഭാഷകനെ പിന്നീട് സുപ്രീം കോടതി മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കോടതിയുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് മറ്റ് അഭിഭാഷകർ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles