നേപ്പിൾസ്: ഭീഷണികളെ പ്രതിരോധിക്കുന്നതിനൊപ്പം ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാനാണ് സൗദി അറേബ്യയുടെ തീരുമാനമെന്ന് ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കുമുള്ള സൗദി പ്രത്യേക ദൂതൻ മനാൽ റദ്വാൻ വ്യക്തമാക്കി. ഇറ്റലിയിലെ നേപ്പിൾസിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മേഖലയിൽ കൂടുതൽ വിനാശകരമായ മറ്റൊരു സംഘർഷം ഒഴിവാക്കുന്നതിനായി ഇറാനുമായി പരസ്പര സുരക്ഷാ ഉറപ്പുകൾ ഉണ്ടാകേണ്ടതുണ്ടെന്ന് റദ്വാൻ ആവശ്യപ്പെട്ടു. ഇറാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ സ്ഥിരതയെക്കൂടി ആശ്രയിച്ചാണ് സൗദി അറേബ്യയുടെ സുരക്ഷ നിലനിൽക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഹൂതികൾ, ഇറാഖിലെ സായുധ ഗ്രൂപ്പുകൾ, ഹിസ്ബുള്ള എന്നിവയുൾപ്പെടെ ഇറാൻ പിന്തുണയുള്ള സംഘടനകളെ കൈകാര്യം ചെയ്യാൻ വ്യത്യസ്തമായ രാഷ്ട്രീയ സമീപനങ്ങൾ ആവശ്യമാണെന്നും മനാൽ റദ്വാൻ അഭിപ്രായപ്പെട്ടു. ഈ സംഘടനകൾ വ്യത്യസ്ത പ്രാദേശിക സാഹചര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. ചില സമയങ്ങളിൽ ഇവ ടെഹ്‌റാനിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിച്ചേക്കാമെങ്കിലും, ഇറാന്റെ ബന്ധവും സ്വാധീനവും പിന്തുണയും ഇല്ലാതെ അവയ്ക്ക് നിലനിൽക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.



