രാജ്യത്ത് വ്യാജ സർവകലാശാലകൾ പെരുകുന്നു; പ്രവേശനത്തിന് മുൻപ് അംഗീകാരം ഉറപ്പാക്കണമെന്ന് യു.ജി.സി

ന്യൂഡൽഹി: രാജ്യത്ത് യു.ജി.സി അംഗീകാരമില്ലാത്ത 32 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി) മുന്നറിയിപ്പ് നൽകി. കേരളത്തിലെ രണ്ടെണ്ണമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഇത്തരം അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പ്രവേശനം നേടുന്നതിനും ഫീസ് അടയ്ക്കുന്നതിനും മുൻപ് സ്ഥാപനങ്ങളുടെ നിയമപരമായ അംഗീകാരം ഉറപ്പാക്കണമെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കമ്മിഷൻ കർശന നിർദേശം നൽകി. സുപ്രീംകോടതിയുടെ നിർദേശപ്രകാരം നവംബർ 17-ന് പുറത്തിറക്കിയ പൊതുവിജ്ഞാപനത്തിലാണ് യു.ജി.സി ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ വ്യാപക ബോധവത്കരണം നടത്തണമെന്ന് ഒക്ടോബർ ഒൻപതിന് കോടതി ഉത്തരവിട്ടിരുന്നു.

2026 ഫെബ്രുവരിയിൽ പുതുക്കിയ യു.ജി.സിയുടെ പട്ടികയിലാണ് 32 സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. 2023 മാർച്ചിൽ പുറത്തിറക്കിയ പട്ടികയിൽ 20 സ്ഥാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 18 എണ്ണവും പുതിയ പട്ടികയിലും തുടരുന്നു എന്നത് അധികൃതരുടെ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നുണ്ട്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഡൽഹിയിലാണ് (12 എണ്ണം). ഉത്തർപ്രദേശിൽ നാലെണ്ണവും കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ രണ്ടെണ്ണം വീതവും പ്രവർത്തിക്കുന്നു. സ്ഥാപനങ്ങളുടെ ആകർഷകമായ പരസ്യങ്ങൾ, വെബ്സൈറ്റുകൾ, ബ്രോഷറുകൾ, സമൂഹമാധ്യമങ്ങളിലെ അവകാശവാദങ്ങൾ എന്നിവ മാത്രം വിശ്വസിച്ച് പ്രവേശനം നേടരുതെന്നും, സ്ഥാപനം നിയമപ്രകാരം പ്രവർത്തിക്കുന്നതാണോ എന്നും ബിരുദങ്ങൾ നൽകാൻ അധികാരമുണ്ടോ എന്നും ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും യു.ജി.സി ഓർമ്മിപ്പിച്ചു.

വ്യാജ സ്ഥാപനങ്ങൾക്കെതിരെ വിശദീകരണ കത്തുകളും കാരണം കാണിക്കൽ നോട്ടീസുകളും നൽകിയതായി ആഗസ്റ്റ് അഞ്ചിന് രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇവ ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾക്ക് പുറമെ വ്യാജ സർട്ടിഫിക്കറ്റുകളുടെ വ്യാപനവും വലിയ ഭീഷണിയാണെന്ന് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ കമ്പനിയായ ‘മില്ലോ’ (Millow) സി.ഇ.ഒ കരൺ ഭാട്ടി ചൂണ്ടിക്കാട്ടി. വ്യാജ ബിരുദങ്ങൾ രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയമാണെന്നും, വലിയൊരു ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകൾ തടയാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles