അർദ്ധനാരീശ്വര രൂപം പങ്കുവെച്ച് ബി.ജെ.പിക്കും ആർ.എസ്.എസിനും രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: തന്റെ മാതാപിതാക്കളായ സോണിയാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്നേഹബന്ധത്തെക്കുറിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെ പരിഹാസവുമായി രംഗത്തെത്തിയ ബി.ജെ.പിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിലെ എലിഫന്റ ഗുഹകളിലുള്ള അർദ്ധനാരീശ്വര ശില്പത്തിന്റെ ചിത്രം ‘എക്സി’ൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. ബി.ജെ.പിയും ആർ.എസ്.എസും സംസ്കാരശൂന്യരും അത്യാഗ്രഹികളും ജാതിവാദികളുമായ പുരുഷാധിപത്യ ചിന്താഗതിക്കാരാണെന്നും, ഇന്ത്യൻ ആത്മീയ-മത പാരമ്പര്യങ്ങളെക്കുറിച്ച് ഇവർക്ക് യാതൊരു ധാരണയുമില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ഹിന്ദു വിശ്വാസപ്രകാരം ശിവന്റെയും പാർവതിയുടെയും സംയുക്തരൂപമാണ് അർദ്ധനാരീശ്വരൻ. ഇന്ത്യൻ ആത്മീയതയിൽ പോലും പരസ്പരബന്ധത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും പ്രതിപാദിക്കുന്നതിനെപ്പറ്റി ബി.ജെ.പിക്കും ആർ.എസ്.എസിനും ഒന്നും അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ആത്മീയ, മത പാരമ്പര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്തോറും ഇക്കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നുണ്ടെന്നും രാഹുൽ ഗാന്ധി തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സോണിയാ ഗാന്ധിയുടെ പുതിയ പുസ്തകമായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തന്റെ കുട്ടിക്കാലത്ത് അമ്മ അച്ഛന്റെ മടിയിലിരിക്കാറുണ്ടായിരുന്നുവെന്നും, എല്ലാ വീടുകളിലെയും മാതാപിതാക്കൾ ഇങ്ങനെയായിരിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെ വീടുകളിൽ പോയപ്പോഴാണ് യാഥാർത്ഥ്യം വ്യത്യസ്തമാണെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരാമർശത്തെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയതോടെയാണ് രാഹുൽ ഗാന്ധി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ബന്ധങ്ങളിൽ പരസ്പര ബഹുമാനവും സ്നേഹവും പ്രധാനമാണെന്നും അത് ദൗർബല്യമല്ലെന്നും വ്യക്തമാക്കി കോൺഗ്രസും രാഹുലിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles