മണ്ഡല പുനർനിർണയ ബില്ലിനെതിരെ ഒറ്റക്കെട്ടായി നിൽക്കണം; രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ചെന്നൈയിലേക്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലുകൾക്കെതിരെ ‘ഇൻഡ്യ’ മുന്നണി ഒറ്റക്കെട്ടായി നിൽക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ അവസാനിപ്പിക്കുമെന്നും, രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റിവരയ്ക്കാൻ ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിന് ഇത് അനിയന്ത്രിതമായ അധികാരം നൽകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ കാണുന്നതിനായി ഇൻഡ്യ മുന്നണിയിലെ മുതിർന്ന നേതാക്കൾക്കൊപ്പം ചെന്നൈയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് രാഹുൽ ഗാന്ധി എക്‌സിലൂടെ (X) തന്റെ നിലപാട് വ്യക്തമാക്കിയത്. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ സ്റ്റാലിനോടും ഡി.എം.കെയോടും അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ എന്നും പാറപോലെ ഉറച്ചുനിന്ന നേതാവാണ് സഹോദരൻ സ്റ്റാലിനെന്ന് രാഹുൽ ഗാന്ധി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. രാജ്യതാൽപര്യം മുൻനിർത്തിയും, തമിഴ്‌നാടിന്റെ താൽപര്യം സംരക്ഷിക്കുന്നതിനും, ഭരണഘടനയെ കാത്തുസൂക്ഷിക്കുന്നതിനുമായി നാം ഒരുമിച്ച് ഈ ബില്ലിനെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം കുറിച്ചു. ശനിയാഴ്ച ചെന്നൈയിൽ ചേർന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിൽ മണ്ഡല പുനർനിർണയ ബില്ലുകളെ പിന്തുണയ്ക്കാൻ പ്രമേയം പാസാക്കിയിരുന്നു. തമിഴ്‌നാടിന്റെ നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയില്ലെന്നും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യ അനുപാതം 25 വർഷത്തേക്ക് കൂടി നിലനിർത്തുമെന്നുമുള്ള ഉറപ്പ് ലഭിച്ചതിനാലാണ് പിന്തുണ നൽകുന്നതെന്നായിരുന്നു ഡി.എം.കെയുടെ വിശദീകരണം.

തിങ്കളാഴ്ച (നവംബർ 30) പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സഖ്യകക്ഷികളെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാക്കൾ രംഗത്തിറങ്ങിയത്. രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളും ചെന്നൈയിലെത്തുന്നുണ്ട്. ചെന്നൈയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാക്കൾ മുംബൈയിലെത്തി എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറുമായും വിഷയത്തിൽ ചർച്ച നടത്തും.

Related Articles

- Advertisement -spot_img

Latest Articles