സംവരണ അട്ടിമറി: കേരള സർവകലാശാലയിൽ 46 അധ്യാപക റാങ്ക് പട്ടികകൾ മരവിപ്പിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കരാർ അധ്യാപക നിയമനത്തിനായി സംവരണ തത്വങ്ങൾ അട്ടിമറിച്ച് തയ്യാറാക്കിയ 46 റാങ്ക് പട്ടികകൾ മരവിപ്പിച്ചു. സംവരണ തത്വം മറികടന്നുള്ള നിയമന നീക്കത്തിനെതിരായ ഹർജിയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, കോടതി സ്റ്റേ നിലനിൽക്കെയായിരുന്നു സിൻഡിക്കേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ സിൻഡിക്കേറ്റിലെ മുസ്‌ലിം ലീഗ് പ്രതിനിധി ഡോ. വി. നൗഷാദ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും സർവകലാശാല രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു. കൂടാതെ, പട്ടിക പ്രസിദ്ധീകരിച്ചതിനെതിരെ ഹർജിക്കാരൻ സർവകലാശാലയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജിയും സമർപ്പിച്ചിരുന്നു.

ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സംവരണ തത്വങ്ങൾ ലംഘിച്ച് റാങ്ക് പട്ടികകൾ തയ്യാറാക്കിയതും കോടതി സ്റ്റേ നിലനിൽക്കുന്നതും അംഗം ഡോ. എസ്. നസീബ് ഉന്നയിക്കുകയും, നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതോടെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചതിൽ പിഴവ് സംഭവിച്ചതായി സമ്മതിച്ച വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പട്ടികകൾ മരവിപ്പിക്കുന്നതായി യോഗത്തിൽ അറിയിക്കുകയായിരുന്നു. മരവിപ്പിക്കൽ തീരുമാനത്തിന് പിന്നാലെ റാങ്ക് പട്ടികകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു.

സർവകലാശാലയിലെ സമാന തസ്തികകൾ ഒന്നിച്ചെടുത്ത് സംവരണ ക്രമം നിശ്ചയിക്കണമെന്ന സർവകലാശാല നിയമവും യു.ജി.സി റെഗുലേഷനും അട്ടിമറിച്ചാണ് ഈ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നത്. സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 46 വിഷയങ്ങളിലായി 150-ലേറെ അധ്യാപകരെ നിയമിക്കാനാണ് പട്ടിക തയ്യാറാക്കിയിരുന്നത്. സർവകലാശാല പഠന വകുപ്പുകളിൽ സർക്കാർ അംഗീകാരമുള്ള 299 അധ്യാപക തസ്തികകളിൽ 160 എണ്ണത്തിൽ മാത്രമാണ് നിലവിൽ അധ്യാപകരുള്ളത്; ബാക്കി 139 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ, സർവകലാശാല സമീപകാലത്ത് ആരംഭിച്ച 16 ബിരുദ കോഴ്സുകളിലേക്കുള്ള അധ്യാപക നിയമനവും ഈ റാങ്ക് പട്ടികയിൽ നിന്നാണ് നടത്തേണ്ടിയിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles