‘നായ്ക്കൾ ഇല്ല, ഫലസ്തീനികളെ ഉപയോഗിക്കൂ’; ഗാസയിൽ സാധാരണക്കാരെ മനുഷ്യകവചമാക്കിയെന്ന് വെളിപ്പെടുത്തൽ

ഗാസ: ഗാസയിലെ സൈനിക നടപടികൾക്കിടെ ഫലസ്തീൻ പൗരന്മാരെ ഇസ്രായേൽ സൈന്യം മനുഷ്യകവചങ്ങളായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര-ഇസ്രായേലി മാധ്യമങ്ങൾ. അമേരിക്കൻ പത്രമായ ‘വാൾസ്ട്രീറ്റ് ജേണലും’ ഇസ്രായേലി മാധ്യമമായ ‘കാൻ 11’-ഉം സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സൈനിക കമാൻഡർമാരുടെ പ്രോത്സാഹനത്തോടെ വിവിധ യൂണിറ്റുകളിൽ ഈ മനുഷ്യത്വരഹിതമായ രീതി നടപ്പാക്കിയിരുന്നതായി പുറത്തുവന്നത്. പരിശീലനം ലഭിച്ച നായ്ക്കളുടെയും ഡ്രോണുകളുടെയും കുറവിനെ തുടർന്ന്, സൈനികർ പ്രവേശിക്കുന്നതിന് മുൻപ് സ്ഫോടകവസ്തുക്കളും പതിയിരുന്നുള്ള ആക്രമണ സാധ്യതകളും പരിശോധിക്കാൻ ഫലസ്തീനികളെ വീടുകളിലേക്കും തുരങ്കങ്ങളിലേക്കും നിർബന്ധിച്ച് അയക്കുകയായിരുന്നു. സൈനിക യൂണിറ്റുകൾക്കിടയിൽ ‘കൊതുക് പ്രോട്ടോക്കോൾ’ (Mosquito Protocol) എന്ന പേരിലാണ് ഈ നടപടി അറിയപ്പെട്ടിരുന്നത്.

2024-ലെ വേനൽക്കാലത്ത് ഗാസ സിറ്റിയിലെ ശുജഇയ്യ മേഖലയിൽ നടന്ന സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു ഇസ്രായേൽ സൈനികൻ വാൾസ്ട്രീറ്റ് ജേണലിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്നതായി തോന്നിച്ച ഒരു യുവാവിനെ സൈനികർ മർദ്ദിക്കുകയും കണ്ണുകെട്ടി കൈകൾ ബന്ധിച്ച ശേഷം സൈനികർക്ക് മുന്നിലായി വീടുകളിലേക്ക് നടത്തിക്കുകയും ചെയ്തു. അലമാരകൾ പരിശോധിക്കാനും കിടക്കകൾ ഉയർത്തി സ്ഫോടകവസ്തുക്കളുണ്ടോയെന്ന് ഉറപ്പാക്കാനും ഇയാളെ നിർബന്ധിച്ചു. പരിശോധനയ്ക്കായി പരിശീലനം ലഭിച്ച രണ്ട് നായ്ക്കളെ ആവശ്യപ്പെട്ടപ്പോൾ കമാൻഡർമാർ അനുമതി നൽകിയില്ലെന്നും, പകരം ‘ഒരു കൊതുകിനെ തരാം’ എന്ന് പറഞ്ഞ് ഫലസ്തീൻ യുവാവിനെ ഉപയോഗിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നുവെന്നും സൈനികൻ വെളിപ്പെടുത്തി. ദിവസങ്ങളോളം സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച ഈ യുവാവിനെ പിന്നീട് ഏറ്റുമുട്ടൽ നടക്കുന്ന മേഖലയിൽ ഉപേക്ഷിച്ചതായും, അതിനുശേഷം ഇയാൾക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും സൈനികൻ കൂട്ടിച്ചേർത്തു. 2024 നവംബറിൽ ജബലിയയിലും സമാനമായ സംഭവം നടന്നതായി മറ്റൊരു സൈനികനും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ ഗാസയിലെ പത്തും അധിനിവേശ വെസ്റ്റ് ബാങ്കിലെ ആറും ഉൾപ്പെടെ 16 സംഭവങ്ങളിൽ അന്വേഷണം നടക്കുന്നതായി ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. സാധാരണക്കാരെ സൈനിക നടപടികളിൽ പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിന് സൈന്യത്തിൽ വിലക്കുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, ‘കാൻ 11’ സംപ്രേഷണം ചെയ്ത ഈ അന്വേഷണ റിപ്പോർട്ട് ഇസ്രായേലിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുമെന്നും സൈനികർക്കെതിരെ വിദേശരാജ്യങ്ങളിൽ നിയമനടപടികൾക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലിബർമാനും റിപ്പോർട്ട് സംപ്രേഷണം തടയാൻ ശ്രമിച്ചിരുന്നു. എന്നാൽ, സംപ്രേഷണം തടയണമെന്ന ഹർജി ഇസ്രായേൽ ഹൈക്കോടതി തള്ളിയതോടെ ബുധനാഴ്ച റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു.

സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. 2005-ൽ തന്നെ ഇസ്രായേൽ ഹൈക്കോടതി ഇത്തരം നടപടികൾ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. ഗാസയിലെ സൈനിക നടപടികളിൽ ഫലസ്തീനികളെ ഇത്രയധികം വ്യാപകമായി മനുഷ്യകവചങ്ങളാക്കിയത് മുൻകാല സംഘർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഭൂതപൂർവമാണെന്ന് ഇസ്രായേൽ സൈന്യത്തിന്റെ മുൻ അന്താരാഷ്ട്ര നിയമ ഉപദേഷ്ടാവ് ഇറാൻ ഷമീർ-ബോറർ പ്രതികരിച്ചു.

Related Articles

- Advertisement -spot_img

Latest Articles