ഗാന്ധി മെഡൽ ഗാസയിലെ കുട്ടികൾക്ക് സമർപ്പിച്ച് തുർക്കി സംവിധായകൻ; എതിർപ്പുമായി ഇസ്രായേൽ കോൺസൽ ജനറൽ

പനാജി: ഗോവയിൽ സമാപിച്ച 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.ഐ) ‘റഹ്മ’ എന്ന ചിത്രത്തിന് ലഭിച്ച ഐ.സി.എഫ്.ടി-യുനെസ്കോ ഗാന്ധി മെഡൽ ഗാസയിലെ കുട്ടികൾക്ക് സമർപ്പിച്ച് തുർക്കി സംവിധായകൻ ഫൈസൽ സോയ്‌സൽ. ശനിയാഴ്ച നടന്ന സമാപനച്ചടങ്ങിൽ സംവിധായകന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത് എമ്രെ പെക്ചാകിറാണ് സന്ദേശം വായിച്ചത്. മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്ത സോയ്‌സൽ, പുരസ്കാരം ഫലസ്തീനിനും ഗാസയിലെ കുട്ടികൾക്കും സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ സദസ്സിൽ നിന്ന് കൂവലുയർന്നു.

ഗാസയിൽ കുട്ടികൾ പട്ടിണി മൂലം മരിക്കുകയും ആശുപത്രികൾ ബോംബാക്രമണത്തിൽ തകരുകയും ചെയ്യുന്ന സാഹചര്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുകയാണെന്നും സോയ്‌സൽ സന്ദേശത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഗാസയിൽ നടക്കുന്ന വംശഹത്യയ്ക്ക് മുന്നിൽ ലോകം നിസ്സഹായത അനുഭവിക്കുകയാണെന്നും, ഫലസ്തീനിൽ നഷ്ടപ്പെട്ട മാനവികതയുടെ പുനർജന്മത്തിനും പ്രതീക്ഷ കൈവിടാതെ ജീവിക്കുന്ന ഗാസയിലെ കുട്ടികളുടെ ഭാവിക്കുമായി താൻ ഈ ഗാന്ധി മെഡൽ സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുരസ്കാരം ഫലസ്തീന് സമർപ്പിച്ച നടപടിക്കെതിരെ മിഡ്-വെസ്റ്റ് ഇന്ത്യയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് രൂക്ഷമായി പ്രതികരിച്ചു. അവാർഡ് ചടങ്ങ് ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്നും പ്രശസ്തമായ സിനിമാ വേദിയെ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭിന്നത സൃഷ്ടിക്കാനും ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ ദുർബലപ്പെടുത്താനുമുള്ള ഗൂഢലക്ഷ്യത്തോടെയാണ് ഈ പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്നും, അന്താരാഷ്ട്ര സാംസ്കാരിക പരിപാടിയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ഇന്ത്യൻ ചലച്ചിത്ര ലോകം ശബ്ദമുയർത്തണമെന്നും യാനിവ് റെവാച്ച് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിദേശത്ത് വാടക ഗർഭധാരണത്തിന് (സറോഗസി) തയ്യാറെടുക്കുന്ന, കുട്ടികളില്ലാത്ത ഒരു പുരാവസ്തു ഗവേഷകയുടെ കഥയാണ് പുരസ്കാരത്തിനർഹമായ ‘റഹ്മ’ പറയുന്നത്. ഒരു സിറിയൻ അഭയാർത്ഥി കുട്ടിയെ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Related Articles

- Advertisement -spot_img

Latest Articles