തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് സി പി ഐ. ബി ജെ പിക്ക് മുതലെടുപ്പിന് അവസരം നൽകരുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് ബിശ്വം ആവശ്യപ്പെട്ടു. ദൈവത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. അതിന് സാഹചര്യം ഉണ്ടാക്കരുത്. അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. സ്പോട്ട് ബുക്കിംഗ് ലഭ്യമാക്കിയില്ലെങ്കിൽ ബി ജെ പി മുതലെടുപ്പ് നടത്തുമെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് വിശ്വാസികൾക്ക് എതിർപ്പുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാക്കരുതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും സി പി എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾ ഓർമ്മിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.



