തൃശൂർ: പൂരം കലക്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പൂരം നടത്തിപ്പ് മാനദണ്ഡങ്ങൾ അനുസരിച്ചും വ്യവസ്ഥാപിതമായിരിക്കണമെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ജസ്‌റ്റിസ് അനിൽ നരേന്ദ്രൻ, ജസ്‌റ്റിസ് എസ് മുരളീധരൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. ബിജെപി നേതാവ് ഗോപാലകൃഷ്‌ണൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കൃത്യമായി പോലീസിനെ വിന്യസിക്കണമെന്നും ക്രമസമാധാനം ഉറപ്പു വരുത്താൻ സംസ്ഥാന പോലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും ഡിജിപിയോട് കോടതി നിർദ്ദേശിച്ചു.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ടെന്നും സ്വാഭാവിക നടപടിയുമുണ്ടാവുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.



