ന്യൂദല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പുതന്നെ ബി.ജെ.പിയേയും നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയും അമിത് ഷായും നിര്‍മലാ സീതാരാമനും തെരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്തെ പ്രസ്താവനകളിലൂടെ ഓഹരി വിപണിയില്‍ കൃത്രിമം കാണിക്കാന്‍ ബി.ജെ.പി. നേതാക്കള്‍ ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ഓഹരി കുംഭകോണമാണിതെന്ന് രാഹുൽ ആരോപിച്ചു.
തെരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയെക്കുറിച്ച് ഒരു പ്രധാനമന്ത്രിയും ഇത് വരെ പ്രസ്താവനകൾ ഇറക്കിയിട്ടില്ല. ഓഹരി വിപണി വലിയ വേഗത്തില്‍ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുതിക്കുമെന്നും ഇപ്പോള്‍ നിക്ഷേപിക്കണമെന്നും ആഭ്യന്തരമന്ത്രിയും പറഞ്ഞു. ധനമന്ത്രിയും സമാനപ്രസ്താവന പുറപ്പെടുവിച്ചു. ജൂണ്‍ നാലിന് മുമ്പ് ഷെയറുകള്‍ വാങ്ങാന്‍ അമിത് ഷായും നിര്‍ദേശിച്ചു. ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് മേയ് 19-ന് മോദി പറഞ്ഞു’. ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും ഓഹരി വിപണി സംബന്ധിച്ച പ്രസ്താവന നടത്തിയത്.
ഓഹരിവിപണയില്‍ നിക്ഷേപം നടത്തുന്ന അഞ്ചുകോടി കുടുംബങ്ങളുണ്ട്. പ്രധാനമന്ത്രിയും അമിത് ഷായും എന്തിനാണ് അവർക്ക് വ്യക്തമായ നിക്ഷേപ ഉപദേശം നല്‍കിയതെന്ന് രാഹുല്‍ ചോദിച്ചു. അവരുടെ ജോലി നിക്ഷേപ നിര്‍ദേശം നല്കുന്നതാണോ? ഈ രണ്ട് അഭിമുഖങ്ങളും നല്‍കിയത് ആർക്കാണ് ? സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം കാണിച്ചതിന് സെബി അന്വേഷണം നേരിടുന്ന ബിസിനസ് ഗ്രൂപ്പിന് കീഴിലെ മാധ്യമസ്ഥാപനത്തിനല്ലേ ? എക്സിറ്റ് പോളിന് തൊട്ടുമുമ്പ് നിക്ഷേപം നടത്തി, അഞ്ചുകോടി കുടുംബങ്ങളുടെ ചെലവില്‍ വലിയ ലാഭം കൊയ്ത സംശയാസ്പദമായ വിദേശനിക്ഷേപകരും ബി.ജെ.പിയും വ്യാജ എക്സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലുള്ള ബന്ധമെന്താണ്? ഇത് ഒരു കുംഭകോണം തന്നെയാണ്. ഇക്കാര്യത്തില്‍ ജെ.പി.സി. അന്വേഷണം വേണം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഹരി വാങ്ങാനുള്ള സൂചന നല്‍കിയതിൽ, ഇന്ത്യയിലെ ചെറുകിട നിക്ഷേപകരുടെ ചെലവില്‍ ആരൊക്കെയോ ആയിരക്കണക്കിന് കോടി രൂപ സമ്പാദിച്ചു. ‘വ്യാജ’ ഏക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. എക്സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.
അദാനി വിഷയക്കാൾ വലിയ വിഷയമാണിതെന്ന് മാത്രമല്ല അദാനി വിവാദവുമായും ഇതിന് ബന്ധമുണ്ട്. എന്നാല്‍, അതിനേക്കാള്‍ വ്യാപ്തിയേറിയ പ്രശ്നമാണ്. യഥാര്‍ഥ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സ്വന്തം ഡാറ്റയും ഇന്റലിജന്‍സ് വിവരവുമുള്ള പ്രധാനമന്ത്രിയും ആഭ്യമന്തരമന്ത്രിയും ചില്ലറ നിക്ഷേപകരെ ഓഹരി വാങ്ങാന്‍ ഉപദേശിച്ചു. മുമ്പൊരിക്കലും ഉണ്ടാവാത്ത സംഭവമാണിത്. ഒരു പ്രധാനമന്ത്രിയും മുമ്പ് ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടില്ല. ഒന്നിലേറെ തവണ പ്രധാനമന്ത്രി ഒന്നിനുപിറകേ ഒന്നായി ഓഹരി വിപണി ഉയരുമെന്ന് പരാമര്‍ശിക്കുന്നത് ആദ്യമായാണ്. അതേസമയം, അദ്ദേഹത്തിന് എക്സിറ്റ് പോളുകള്‍ തെറ്റാണെന്നും അറിയാമായിരുന്നു. സ്വന്തം പാര്‍ട്ടിയുടേയും ഇന്റലിജന്‍സിന്റേയും വിവരങ്ങള്‍ കൈവശമുള്ള അദ്ദേഹത്തിന്, തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ബോധ്യമുണ്ടായിട്ടും നിക്ഷേപകരെ പറ്റിക്കുകയായിരുന്നു രാഹുല്‍ കൂട്ടിച്ചേര്‍ത്തു.