കോഴിക്കോട്: ടോൾ പ്ലാസയിൽ ടോൾ നൽകാതെ കടന്നുകളയാൻ ശ്രമിച്ച യാത്രക്കാർ ജീവനക്കാരന് നേരെ കാർ ഓടിച്ചുകയറ്റി ക്രൂരത കാട്ടി. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ടോൾ നൽകാതെ വെട്ടിച്ച് മുന്നോട്ടെടുത്ത കാർ തടയാൻ ശ്രമിച്ച ടോൾ പ്ലാസ ജീവനക്കാരനെ ബോണറ്റിലിരുത്തി 50 മീറ്ററോളം ദൂരമാണ് വാഹനം അതിവേഗത്തിൽ മുന്നോട്ട് പാഞ്ഞത്. ജീവനക്കാരൻ കാറിന്റെ ബോണറ്റിൽ ജീവൻ നിലനിർത്താനായി ഉറച്ചുപിടിച്ചതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നാടിനെ ഞെട്ടിച്ച ഈ അതിക്രമം നടന്നത്. എറണാകുളം ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറാണ് ഈ അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്. തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിന് കടന്നുപോകാനായി ടോൾ ബാരിയർ ഉയർന്ന സമയം നോക്കി, ഈ കാർ പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നു.
ടോൾ നൽകാതെയുള്ള ഈ നിയമവിരുദ്ധ യാത്ര ജീവനക്കാരൻ തടയാൻ ശ്രമിച്ചതോടെ കാറിലുണ്ടായിരുന്ന യാത്രക്കാർ പ്രകോപിതരാവുകയും വാഹനം ജീവനക്കാരന്റെ നേർക്ക് എടുക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാണിച്ച് ടോൾ പ്ലാസ അധികൃതർ പന്തീരാങ്കാവ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം ടോൾ പ്ലാസയിൽ നിന്നും അതിവേഗത്തിൽ പാഞ്ഞുപോയ കാറും അതിലുണ്ടായിരുന്ന യാത്രക്കാരെയും കണ്ടെത്താനായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
.



