ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ വസ്‌തുക്കൾ വിൽക്കുമ്പോൾ മൂലധന നികുതി ഈടാക്കാനുള്ള ശ്രമം ഉപേക്ഷക്കണമെന്ന് പ്രേമചന്ദ്രൻ എംപി. ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർക്ക് ബാധകമായ സമാന വ്യവസ്ഥകൾ പ്രവാസി ഇന്ത്യക്കാർക്കാർക്കും നടപ്പാക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമനോട് എൻകെ പ്രേമചന്ദ്രൻ എംപി. ആവശ്യപ്പെട്ടു.
2023 ജൂലൈ 23ന് മുമ്പ് കൈവശാവകാശമുള്ള ഭൂമി വിൽക്കുമ്പോൾ ഇൻഡക്‌സേഷൻ ഉൾപ്പടെ 20 ശതമാനമോ ഇൻഡക്‌സേഷൻ ഇല്ലാതെ 12.5 ശതമാനമോ നികുതി അടക്കാനുള്ള വ്യവസ്ഥ തെരഞ്ഞെടുക്കാൻ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അവകാശമുണ്ട്. എന്നാൽ പ്രവാസികളായ ഇന്ത്യൻ പൗരന്മാർക്ക് ഈ ആനുകൂല്യം ലഭ്യമല്ല.
വിദേശത്ത് ജോലി ചെയ്‌ത് സമ്പാദ്യം ഇന്ത്യയിൽ നിക്ഷേപിക്കുന്ന പൗരന്മാരെ രാജ്യത്ത് താമസിക്കുന്ന പൗരന്മാരിൽ നിന്നും വ്യത്യസ്ഥമായി കാണുന്നതിന് ന്യായീകരണമില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർ അവരുടെ സമ്പാദ്യം ഇന്ത്യയിൽ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുതുന്നതാണ് ഈ വ്യവസ്ഥ. എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒന്നായി കാണണം.
നികുതി അടക്കാൻ ഇന്ത്യക്കാർക്ക് നൽകുന്ന ചോയ്‌സ് പ്രവാസി ഇന്ത്യക്കാർക്ക് കൂടി നൽകണമെന്ന് പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.



