ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, പ്രതിയായ ഉമർ ഖാലിദ് കലാപം നടന്ന സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ വാദിച്ചു.
കലാപവുമായി ബന്ധപ്പെട്ട് 751 എഫ്.ഐ.ആറുകൾ ഉണ്ടെങ്കിലും ഒന്നിൽ മാത്രമാണ് ഉമർ ഖാലിദിനെ കക്ഷി ചേർത്തതെന്നും, ഡൽഹിയിൽ ഇല്ലാത്ത ഒരാളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഉമർ ഖാലിദിനെതിരായ കേസ് ഗൂഢാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഉമർ ഖാലിദ് അടക്കമുള്ള പ്രതികൾ വിചാരണ വൈകിപ്പിച്ച് ‘ഇരവാദം’ കളിക്കുകയാണെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിച്ചു. രാജ്യത്തിന്റെ ഐക്യം തകർക്കാനും സായുധ കലാപം പ്രേരിപ്പിക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയെന്നും, ഇത്രയും ഗുരുതരമായ കേസിൽ ജാമ്യം നൽകാൻ കഴിയില്ലെന്നും പോലീസ് വാദിച്ചു.
സിഎഎ-എൻആർസി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2020 മുതൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള യുവ ആക്ടിവിസ്റ്റുകൾ അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ്. ജാമ്യാപേക്ഷയിലുള്ള വാദം തുടരും.



