കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ച് കിച്ചൺ ഹെൽപ്പറെ പുറത്താക്കിയ നടപടി ജാതി വിവേചനമാണെന്ന് പരാതി. ദലിത് വിഭാഗത്തിൽപ്പെട്ട മാവിലൻ സമുദായാംഗമായ താൽക്കാലിക ജീവനക്കാരൻ രൂപേഷ് വേണുവാണ് വൈസ് ചാൻസലർ പ്രൊഫ. സിദ്ധു പി. അൽഗൂരിന് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
ഭക്ഷണം പാകം ചെയ്ത മറ്റ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ, ദലിത് വിഭാഗക്കാരനായ തന്നെ മാത്രം വൈസ് ചാൻസലർ ലക്ഷ്യം വെച്ചെന്നും, ദലിത് വിഭാഗക്കാരോട് വി.സി. മോശമായി പെരുമാറുന്നുണ്ടെന്നും രൂപേഷ് ആരോപിച്ചു.
ഒക്ടോബർ 13-ന് തയ്യാറാക്കിയ ഭക്ഷണം മോശമാണെന്ന് ചൂണ്ടിക്കാട്ടി, നോട്ടീസ് പോലും നൽകാതെ വൈസ് ചാൻസലർ പിരിച്ചുവിടുകയായിരുന്നു. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമ്പോൾ നോട്ടിസ് നൽകണമെന്ന മാനദണ്ഡം പോലും പാലിച്ചിട്ടില്ല.
ജോലിയില്ലാതായതോടെ ശമ്പളവും ലഭിക്കാത്ത അവസ്ഥയിലാണെന്ന് രൂപേഷ് പറഞ്ഞു. വി.സി.യുടെ നടപടി ജാതി വിവേചനമാണെന്ന് കാണിച്ച് രൂപേഷ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.



