തിരുവനന്തപുരം: വീട്ടിൽ കളിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്ന് വർഷത്തോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 27-കാരന് കാട്ടാക്കട അതിവേഗ പോക്സോ കോടതി കടുത്ത ശിക്ഷ വിധിച്ചു. കാട്ടാക്കട കുളത്തുമ്മൽ സ്വദേശിയായ കിച്ചു എന്ന ആരോമലിനെയാണ് 51 വർഷം കഠിനതടവിനും 1,25,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാറാണ് വിധി പ്രസ്താവിച്ചത്.
2018 ഡിസംബറിലാണ് സംഭവം തുടങ്ങിയത്. കുടുംബ സുഹൃത്തായിരുന്ന പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
പ്രതി അടയ്‌ക്കേണ്ട പിഴത്തുക അതിജീവിതന് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ 30 സാക്ഷികളെയും 51 രേഖകളും 5 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ വിശദമായ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.



