മുംബൈ: ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പ്രവാസി ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് യു.എ.ഇ. ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ബിസിനസ്സുകൾ ഉള്ളവർക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കറന്റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് (OD) സൗകര്യങ്ങൾ, കാഷ് ക്രെഡിറ്റ് (CC) അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളിൽ ഇളവുകൾ വരുത്തി. 10 കോടി രൂപയിലധികം വായ്പയെടുത്ത സ്ഥാപനങ്ങൾക്ക് കറന്റ് അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന കർശന നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലഘൂകരിച്ചത്.
പുതിയ നിയമപ്രകാരം, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നൽകിയ മൊത്തം വായ്പയുടെ പത്ത് ശതമാനത്തിൽ കൂടുതൽ വായ്പ നൽകിയ ബാങ്കുകൾക്ക് മാത്രമേ ഇനി അവരുടെ കറന്റ് അക്കൗണ്ടോ ഓവർഡ്രാഫ്റ്റ് അക്കൗണ്ടോ തുടങ്ങാനും നിലനിർത്താനും അനുവാദമുള്ളൂ. എന്നാൽ, അങ്ങനെയുള്ള ബാങ്കുകൾ ഒന്നിൽ കൂടുതലില്ലെങ്കിൽ, ഏറ്റവും കൂടുതൽ വായ്പ നൽകിയ ആദ്യത്തെ രണ്ട് ബാങ്കുകൾക്ക് ഈ അക്കൗണ്ടുകൾ അനുവദിക്കാവുന്നതാണ്. ഇതോടെ, പ്രവാസി സംരംഭകർക്ക് അക്കൗണ്ട് തുടങ്ങാൻ കൂടുതൽ ബാങ്കുകളെ തിരഞ്ഞെടുക്കാൻ സാധിക്കും.
കൂടാതെ, ബിസിനസ് പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പൂർണ്ണമായും നീക്കം ചെയ്തു. കളക്ഷൻ അക്കൗണ്ടുകളിൽ ലഭിക്കുന്ന പണം രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രധാന ഇടപാട് അക്കൗണ്ടിലേക്ക് മാറ്റണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ഈ മാറ്റങ്ങൾ ഇന്ത്യയിലെ സാമ്പത്തിക കാര്യങ്ങൾ വിദേശത്തിരുന്ന് കൈകാര്യം ചെയ്യുന്നത് കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.



