തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സെലക്ഷൻ സ്ക്രീനിങ്ങിനിടെ ചലച്ചിത്ര പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ഐ.എഫ്.എഫ്.കെ. സെലക്ഷൻ കമ്മിറ്റി ചെയർമാനായ കുഞ്ഞുമുഹമ്മദ്, തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പരാതിക്കാരി ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലാണ് പരാതി നൽകിയത്. ഇത് കന്റോൺമെന്റ് പോലീസിന് കൈമാറുകയും തുടർന്ന് ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവദിവസം പരാതിക്കാരനും പ്രതിയും ഹോട്ടലിൽ ഉണ്ടായിരുന്നു എന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസിനെത്തുടർന്നുള്ള അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് കുഞ്ഞുമുഹമ്മദ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.



