പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ

പാലക്കാട്: പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ചാഴിയാട്ടിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നാല് പഞ്ചായത്തുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗം സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് ‘രോഗബാധിത പ്രദേശം’ ആയും, 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നീ പഞ്ചായത്തുകളെ ‘രോഗനിരീക്ഷണ മേഖല’ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും, പന്നി മാംസം വിതരണം ചെയ്യുന്ന കടകൾ പ്രവർത്തിക്കുന്നതിനും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. രോഗം പടരുന്നത് തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസവും കോഴിക്കോട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles