നിയമസഭയിൽ നാടകീയ രംഗങ്ങൾ; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിൽ ഇന്ന് ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങളും നാടകീയ രംഗങ്ങളും അരങ്ങേറി. സംസ്ഥാനത്ത് ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. സർക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തെ തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.

ജീവപര്യന്തം ശിക്ഷ ലഭിച്ച ആള്‍ക്ക് ഒരു മാസത്തില്‍ മൂന്നു തവണ പരോള്‍ നല്‍കി. ടി പി കേസ് പ്രതികള്‍ക്ക് മൂന്നുവര്‍ഷം പരോള്‍ ലഭിച്ചു. ജയില്‍ എ.ഡി.ജി.പിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. പരോള്‍ മാനദണ്ഡം പോലും ലംഘിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും സര്‍ക്കാരിന് സൗകര്യമില്ലാത്തവ ചര്‍ച്ചചെയ്യേണ്ടെയന്നും വി.ഡി.സതീശന്‍ ചോദിച്ചു.സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളോടെ സഭയുടെ നടുത്തളത്തിലിറങ്ങി.

സഭാനടപടികൾ തടസ്സപ്പെട്ടതിനെത്തുടർന്ന് സ്പീക്കർ സഭ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പുനരാരംഭിച്ചപ്പോഴും പ്രതിഷേധം തുടർന്നു. സർക്കാർ ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധം കനത്തതോടെ സഭയിലെ ഇന്നത്തെ ബാക്കി നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്പീക്കർ സഭ പിരിച്ചുവിട്ടു. തുടർന്ന് നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷം സത്യാഗ്രഹമിരിക്കുകയും മാധ്യമങ്ങളെ കണ്ട് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.

 

Related Articles

- Advertisement -spot_img

Latest Articles