മാനവിക സന്ദേശമുയർത്തി മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം

റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാൻ നൽകുന്നതെന്ന് മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അൽനൂർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രൗഢമായ സംഗമം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും കാണിക്കുന്ന കാരുണ്യത്തിലാണ് സ്രഷ്ടാവിന്റെ പ്രീതി കുടികൊള്ളുന്നതെന്നും, അഗതികളോടും അനാഥരോടും ദയ കാണിക്കുകയും സഹജീവികളോട് സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്യുമ്പോഴാണ് നാം ദൈവകാരുണ്യത്തിന് അർഹരാകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമ്പൽസമൃദ്ധിയിൽ അഹങ്കരിക്കാതെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളിൽ സാന്ത്വനമേകാൻ റമദാൻ അവസരമൊരുക്കണം. പ്രകൃതിവിഭവങ്ങളുടെ സംരക്ഷകരാകാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേവലം അന്നപാനീയങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല വ്രതമെന്നും, തിന്മകളെ വെടിഞ്ഞ് നന്മകളെ ഉൾക്കൊള്ളാനും സഹജീവികളുടെ പ്രയാസങ്ങൾ തിരിച്ചറിയാനുമുള്ള പരിശീലനമാണ് നോമ്പിന്റെ അന്തസത്തയെന്നും അദ്ദേഹം വ്യക്തമാക്കി.

മർകസ് റിയാദ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ അഹ്‌സനി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ റഷീദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള രണ്ടായിരത്തിലധികം പേർ പങ്കെടുത്ത സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, കബീർ ചേളാരി, മജീദ് ഹാജി എടയന്നൂർ, മുജീബ് കാലടി, അബ്ദുൽ അസീസ് പാലൂർ, ബഷീർ മാസ്റ്റർ നാദാപുരം, ഇബ്രാഹിം കരീം, ലുക്മാൻ പാഴൂർ, അബ്ദുൽ സലാം വടകര, ഉമർ പന്നിയൂർ, ജാബിർ അലി പത്തനാപുരം, ഫൈസൽ മമ്പാട്, ജബ്ബാർ കുനിയിൽ, ഹസൈനാർ ഹാറൂനി, ശാക്കിർ കൂടാളി, സജീദ് മാട്ട, അക്ബർ കുനിയിൽ, മുനീർ കൊടുങ്ങല്ലൂർ, ബഷീർ മിസ്ബാഹി, അബ്ദുൽ റഹ്മാൻ സഖാഫി ബദിയ, സാദിഖ് മേൽമുറി, സമദ് മാവൂർ, മുജീബ് അണ്ടോണ, സിറാജ് വേങ്ങര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മർകസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും സ്വാഗതസംഘം കൺവീനർ മൻസൂർ പാലത്ത് നന്ദിയും പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles