അമ്പലപ്പുഴയിൽ ജി. സുധാകരന് കൈകൊടുത്ത് കോൺഗ്രസ്; യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തില്ല

തിരുവനന്തപുരം: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്നും പകരം സുധാകരനെ പിന്തുണയ്ക്കാനും കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി തീരുമാനിച്ചു. ആറര പതിറ്റാണ്ടോളം നീണ്ട സി.പി.എം ബന്ധം അവസാനിപ്പിച്ചാണ് സുധാകരൻ ഇത്തവണ അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജനവിധി തേടുന്നത്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച വേളയിൽ ആരുടെയും പിന്തുണ തേടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും, സുധാകരന്റെ സാന്നിധ്യം സി.പി.എമ്മിന് വലിയ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ഈ രാഷ്ട്രീയ നീക്കം നടത്തിയത്.

സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വവുമായുള്ള ഭിന്നതയുമാണ് സുധാകരനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. നിലവിലെ സി.പി.എം എം.എൽ.എ എച്ച്. സലാമിനെതിരെയാണ് അദ്ദേഹം മത്സരിക്കുന്നത്. സുധാകരന് പിന്തുണ നൽകുന്നതിലൂടെ അമ്പലപ്പുഴയിൽ മാത്രമല്ല, ആലപ്പുഴ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. അതേസമയം, സുധാകരനെ പിന്തുണയ്ക്കുന്നതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഈ തീരുമാനത്തോടെ അമ്പലപ്പുഴയിലെ പോരാട്ടം അതീവ നിർണ്ണായകമായിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles