സിംഗപ്പൂർ: ഇറാൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി എത്തുന്ന കപ്പലുകൾക്ക് അമേരിക്ക കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടും, അമേരിക്കയുടെ ഉപരോധപ്പട്ടികയിലുള്ള രണ്ടാമത്തെ സൂപ്പർ ടാങ്കറും ഹോർമുസ് കടലിടുക്ക് വഴി ഗൾഫിലേക്ക് പ്രവേശിച്ചു. സിംഗപ്പൂരിൽ നിന്നുള്ള ഷിപ്പിംഗ് ഡാറ്റ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്ലാമാബാദിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതൽ നിലവിൽ വന്ന ഈ നാവിക ഉപരോധത്തെത്തുടർന്ന് പത്തോളം കപ്പലുകളെ തിരിച്ചയച്ചതായും ഇതുവരെ ഒരു കപ്പൽ പോലും തങ്ങളുടെ കണ്ണുവെട്ടിച്ച് കടന്നിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്കൻ ഉപരോധമുള്ള ഒരു ഇറാനിയൻ സൂപ്പർ ടാങ്കർ തങ്ങളുടെ ഇമാം ഖുമൈനി തുറമുഖത്ത് എത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് ദശലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള ‘ആർ.എച്ച്.എൻ’ (RHN) എന്ന ഭീമൻ എണ്ണക്കപ്പലാണ് ബുധനാഴ്ച ഗൾഫിലേക്ക് പ്രവേശിച്ചത്. ഇതിനു തൊട്ടുപിന്നാലെ അമേരിക്കൻ ഉപരോധമുള്ള ‘അലീഷ്യ’ (Alicia) എന്ന മറ്റൊരു സൂപ്പർ ടാങ്കറും ഹോർമുസ് കടലിടുക്ക് പിന്നിട്ടു. ഈ രണ്ട് കപ്പലുകളും മുൻപും ഇറാനിയൻ എണ്ണ കടത്തിയ ചരിത്രമുള്ളവയാണ്. അതേസമയം, ‘റിച്ച് സ്റ്റാറി’ (Rich Starry) എന്ന കപ്പലിനെ അമേരിക്കൻ സൈന്യം തടയുകയും അത് ഗൾഫിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ഇറാനിയൻ എണ്ണ വാങ്ങുന്നവർക്ക് മേൽ ‘സെക്കൻഡറി ഉപരോധങ്ങൾ’ ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ ബാധിക്കുമെങ്കിലും, കരയിലുള്ള ടാങ്കുകളിൽ എണ്ണ സംഭരിക്കുന്നതിലൂടെ പ്രതിദിനം 3.5 ദശലക്ഷം ബാരൽ ഉൽപ്പാദനം ആഴ്ചകളോളം തുടരാൻ ഇറാന് സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സമാധാന ചർച്ചകളുടെ ഭാഗമായി ഹോർമുസ് കടലിടുക്കിന്റെ ഒമാൻ ഭാഗത്തുകൂടി കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദം നൽകാമെന്ന് ഇറാൻ നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാർച്ചിൽ പ്രതിദിനം 1.84 ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്ന ഇറാൻ, ഏപ്രിൽ മാസം പകുതിയാകുമ്പോഴേക്കും 1.71 ദശലക്ഷം ബാരൽ കയറ്റുമതി നടത്തിക്കഴിഞ്ഞു. മേഖലയിൽ സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ പാകിസ്ഥാനിൽ പുനരാരംഭിക്കാനിരിക്കെ, നാവിക ഉപരോധത്തെച്ചൊല്ലിയുള്ള തർക്കം കൂടുതൽ സങ്കീർണ്ണമാകുകയാണ്.



