ഹായിൽ: പ്രവാസലോകത്ത് നീണ്ട നാൽപത്തിയാറ് വർഷം പൂർത്തിയാക്കിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ സലാം (80) സൗദി അറേബ്യയിലെ ഹായിലിൽ നിര്യാതനായി. സ്ട്രോക്ക് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി ഹായിലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹായിലിലെ സനയ്യയിൽ കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി സ്വന്തമായി വെൽഡിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അദ്ദേഹം. താൻ കർമ്മമണ്ഡലമാക്കിയ മണ്ണിൽത്തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന ആഗ്രഹം പോലെ, ഹായിലിലെ സദിയാൻ മഖ്ബറയിലാണ് അദ്ദേഹത്തിന്റെ ഖബറടക്കം നടന്നത്.
സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാണ് ഖബറടക്കം നടത്തിയത്. സുഹൃത്തുക്കളും പ്രവാസി സമൂഹത്തിലെ നിരവധി സാമൂഹിക പ്രവർത്തകരും ചടങ്ങുകളിൽ സംബന്ധിച്ചു. ഫവിലാബീവിയാണ് ഭാര്യ. സഫീർ, സഫ്ന എന്നിവർ മക്കളും അംജദ് ഖാൻ, അമീന എന്നിവർ മരുമക്കളുമാണ്. ഒരു ആയുസ്സിന്റെ വലിയൊരു ഭാഗം പ്രവാസത്തിനായി മാറ്റിവെച്ച അബ്ദുൽ സലാമിന്റെ വിയോഗം ഹായിലിലെ മലയാളി സമൂഹത്തിന് വലിയ നോവായി.
റിപ്പോർട്ട്: അഫ്സൽ കായംകുളം.



