26.4 C
Saudi Arabia
Friday, April 17, 2026
spot_img

വാൽപ്പാറ അപകടം മരണം ഒൻപതായി; മരിച്ചവരിൽ പ്രധാനാധ്യാപികയും അധ്യാപകരും

പൊള്ളാച്ചി: വിനോദയാത്രയ്ക്കിടെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം പാറമ്മൽ ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ ഒമ്പത് മലയാളികൾ കൊല്ലപ്പെട്ടു. പ്രധാനാധ്യാപിക അജിത (54), റംല (52), സുഹറ (43), ആഷ (41), മജീദ് (43), സാജിദ (45), ഷക്കാന (37), റുക്കിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് അപകടത്തിൽ ഇല്ലാതായത്. മരിച്ചവരിൽ സ്കൂളിലെ പാചക തൊഴിലാളിയായ സാജിദയും ഉൾപ്പെടുന്നു. എട്ടുപേർ സംഭവസ്ഥലത്തു വെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടത്.

അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ സന്ദർശനത്തിന് ശേഷം വാൽപ്പാറ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്കൂൾ ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടത്. വളവിൽ വെച്ച് നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനം ഓടിച്ചിരുന്നത് കോട്ടക്കൽ ചുനൂർ സ്വദേശിയായ മുഹമ്മദ് ഫാസിത്താണ് (21). അവധിക്കാലം ആഘോഷിക്കാൻ ഒത്തുകൂടിയ സഹപ്രവർത്തകരുടെ യാത്രയാണ് നാടിനെ നടുക്കിയ മഹാദുരന്തമായി മാറിയത്.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫാസിത്ത്, സാജിദയുടെ മകൻ ശഹദിൻ എന്നിവരുൾപ്പെടെ നാലുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നില ഗുരുതരമായ മൂന്നുപേരെ പൊള്ളാച്ചിയിൽ നിന്നും കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 11 വയസ്സുകാരിയായ മസ്‌നി പൊള്ളാച്ചി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അപകടവിവരമറിഞ്ഞ് മലപ്പുറത്തെ പാറമ്മൽ ഗ്രാമമാകെ തീരാദുഃഖത്തിലാണ്.

 

Related Articles

- Advertisement -spot_img

Latest Articles