ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു സൂപ്പർ ടാങ്കർ ഉൾപ്പെടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിയുതിർത്ത സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ശനിയാഴ്ച നടന്ന ഈ ആക്രമണത്തെത്തുടർന്ന് ന്യൂഡൽഹിയിലെ ഇറാൻ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഇന്ത്യയുടെ കടുത്ത ആശങ്ക അറിയിച്ചു. ആക്രമണത്തെത്തുടർന്ന് കപ്പലുകൾക്ക് യാത്ര തുടരാനാകാതെ പാതിവഴിയിൽ തിരിച്ചോടേണ്ടി വന്ന സാഹചര്യം അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ ആണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
വ്യാപാര കപ്പലുകളുടെയും അതിലെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. മുൻകാലങ്ങളിൽ ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായ പാതയൊരുക്കാൻ ഇറാൻ കാണിച്ചിട്ടുള്ള സഹകരണം അദ്ദേഹം അനുസ്മരിച്ചു. നിലവിലെ പ്രക്ഷുബ്ധമായ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഇറാൻ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ന്യൂഡൽഹി ആവശ്യപ്പെട്ടു. സമുദ്ര സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ഇന്ത്യ ഇറാനോട് നിർദ്ദേശിച്ചു.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സാമ്പത്തിക ഉപരോധം തുടരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുള്ള മുൻ തീരുമാനം ഇറാൻ ശനിയാഴ്ച പെട്ടെന്ന് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം വെടിയുതിർത്തത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ ആഗോള വിപണിയെയും സുരക്ഷയെയും ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധത്തെ ഈ സംഭവം എങ്ങനെ ബാധിക്കുമെന്നത് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്.



