റിയാദ്: സൗദി അറേബ്യയിലെ അൽഖർജിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) നിര്യാതനായി. തിരൂർ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. കഴിഞ്ഞ 33 വർഷത്തിലേറെയായി അൽഖർജ് മലഫിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരൻ മുറിയിലെത്തി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് അലി അക്ബറിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്നു പരേതൻ. സാബിറയാണ് ഭാര്യ. ഇവർക്ക് മൂന്ന് മക്കളുണ്ട്. അൽഖർജിൽ തന്നെ ജോലി ചെയ്യുന്ന ഷുക്കൂർ, മുജീബ് എന്നിവർ സഹോദരങ്ങളും സജീന ഏക സഹോദരിയുമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കായി കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ട്.



